ബീജിങ്:15,300ലേറെ പേരുടെ ജീവന് അപഹരിച്ച കൊറോണയെന്ന മഹാമാരി പരക്കുന്നതിന് ചൈനയാണ് കാരണക്കാരെന്ന് പഠന റിപ്പോര്‍ട്ട്. വൈറസ് പൊട്ടിപുറപ്പെട്ടിട്ടും കാര്യമാക്കിയില്ലെന്ന് മാത്രമല്ല, വേണ്ട നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനും തയ്യാറായില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മഹാമാരിയെ നേരിടുന്നതില്‍ ചൈന ക്ഷമിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വുഹാനില്‍ നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും പുതുവത്സരാഘോഷങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചതും ചൈനയുടെ വീഴ്ചയായി കണക്കാക്കുന്നു. പുതുവര്‍ഷ ആഘോഷത്തിനിടെ വൈറസ് ബാധയുടെ വാര്‍ത്ത പുറത്ത് വിട്ടാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നും വിപണി തകരുമെന്നും ചൈനീസ് അധികൃതര്‍ കരുതി. കൊറോണ വൈറസ് ബാധയാണിതെന്ന് റിപ്പോര്‍ട്ട് നല്കിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല, വൈറസ് ബാധയെ കുറിച്ച് നിര്‍ണായകമായേക്കാവുന്ന തെളിവുകളും ചൈന നശിപ്പിച്ചെന്നാണ് സൂചന.
വുഹാന്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലെ കടല്‍ വ്യാപാരിയായ വെയ് ഗിക്സിയനിലാണ് ആദ്യം ഈ അസുഖം കണ്ടെത്തുന്നത്. ഡിസംബര്‍ 10നാണ് ഇയാളില്‍ അസുഖം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ ലോക്കല്‍ ക്ലിനിക്കില്‍ ചികിത്സ തേടി. എട്ട് ദിവസത്തിന് ശേഷം, 57 വയസുകാരനായ ഇയാള്‍ക്ക് ആശുപത്രി കിടക്കയില്‍ ബോധമില്ലായിരുന്നു. രോഗം കണ്ടെത്താന്‍ ഏകദേശം മൂന്നാഴ്ചയോളം സമയമെടുത്തു. അപ്പോഴേക്കും നിരവധി പേരിലേക്ക് വ്യാപിച്ചിരുന്നു. മറ്റുള്ളവരിലും സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പലരും പരിശോധനകള്‍ക്ക് പോലും തയാറായില്ല.
ഡിസംബറിന്റെ അവസാനത്തില്‍ ഡോക്ടര്‍മാര്‍ കൊറോണയുടെ കേന്ദ്രം കണ്ടെത്തിയതോടെ രോഗികളെ ക്വാറന്റീന് ചെയ്യുകയും അവരുടെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ അരക്കോടിയിലേറെ മനുഷ്യര്‍ നഗരം വിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: