ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വരുത്തിയ നിയന്ത്രണങ്ങള്‍ റെയില്‍വേയുടെ ചരിത്രത്തില്‍ അസാധാരണം. ആദ്യമായാണ് ഇത്രയേറെ സര്‍വീസുകള്‍ റെയില്‍വേക്ക് ഒറ്റയടിക്ക് റദ്ദാക്കേണ്ടി വരുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും വിളിച്ചു ചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. ജനതാ കര്‍ഫ്യൂവിന് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചതായി ചീഫ് സെക്രട്ടറിമാര്‍ വിശദീകരിച്ചു. ജനതാ കര്‍ഫ്യൂവിന് ശേഷം അടുത്ത ഏതാനും ദിവസത്തേക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കുന്ന വിവിധ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണി വരെ റെയില്‍വേ ബോര്‍ഡിന്റെ നിരവധി യോഗങ്ങള്‍ക്ക് ശേഷമാണ് ഇതിന് അന്തിമ രൂപം നല്‍കിയത്.
വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ യാത്രകള്‍ നിയന്ത്രിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ നഗരങ്ങളില്‍നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് വൈറസ് വ്യാപനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് ഇപ്പോഴത്തെ നടപടി. രാജ്യവ്യാപകമായി 2.3 കോടി ആളുകളാണ് ദിവസേന ട്രെയിന്‍ സര്‍വ്വീസിനെ ആശ്രയിക്കുന്നത്. 14 കൊറോണ ബാധിതര്‍ ട്രെയിനുകളില്‍ സഞ്ചരിച്ചതായാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. യാത്രകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. വൈറസ് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: