തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു എറ്റെടുത്തതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരളത്തിന്റെ അഭിനന്ദനം. ഇന്നലെ വൈകിട്ട് അഞ്ചിന് വീടുകള്‍ക്ക് മുന്നിലും ബാല്‍ക്കണികളിലും നിന്ന് കൈയടിച്ചും പാത്രത്തില്‍ മുട്ടിയും ശംഖു മുഴക്കിയുമാണ് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. ഒ. രാജഗോപാല്‍ എംഎല്‍എ തിരുവനന്തപുരത്തെ തന്റെ ഫഌറ്റിന് മുന്നില്‍ നിന്ന് കൈയടിച്ചു. നിരവധി പ്രമുഖര്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ നിന്ന് കൈകൊട്ടി പങ്കുചേര്‍ന്നു. പ്രായഭേദമെന്യേ കുട്ടികളും മുതിര്‍ന്നവരും പങ്കാളികളായി. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ ജില്ലകളിലെ ജനങ്ങളും ഇതില്‍ പങ്കുചേര്‍ന്നു.
കൊല്ലം
നാടും നഗരവും ഏറ്റെടുത്ത ജനത കര്‍ഫ്യു പ്രതിരോധത്തിന്റെ പുതിയ മാതൃക തീര്‍ത്തു. ഗ്രാമ, നഗര ഭേദമെന്യേ ജനജീവിതം നിശ്ചലമായി. പൊതു ഗതാഗത സംവിധാനം പ്രവര്‍ത്തിച്ചില്ല. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യ വാഹനങ്ങള്‍ മാത്രം സര്‍വീസ് നടത്തി. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ലെന്നത് ശ്രദ്ധേയമായി. വൈകിട്ട് കൈയടിച്ചും പാത്രങ്ങളില്‍ തട്ടിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ അഭിനന്ദനവുമര്പ്പിച്ചു.
പത്തനംതിട്ട
ജനത കര്‍ഫ്യു ആഹ്വാനം ജനങ്ങള്‍ നെഞ്ചേറ്റിയതോടെ ജില്ലയിലെ തെരുവുകള്‍ ശൂന്യമായി. കെഎസ്ആര്‍ടിസി അടക്കം ബസുകള്‍ സര്‍വീസ് നടത്തിയില്ല. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ചില മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
ആലപ്പുഴ
ജില്ലയിലും പൂര്‍ണം. വ്യവസായ, വാണിജ്യമേഖലകളും പൊതുഗതാഗതവും പൂര്‍ണമായും നിലച്ചു. ജലഗതാഗത വകുപ്പും സര്‍വീസുകള്‍ നടത്തിയില്ല. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കര്‍ഫ്യൂവിന്റെ ഭാഗമായി പലയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വൈകിട്ട് കൈയടിച്ചും സംഗീതോപകരണങ്ങള്‍ വായിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനം അഭിനന്ദനങ്ങളറിയിച്ചു.
കോട്ടയം
രാവിലെ മുതല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ ജനങ്ങള്‍ ജനത കര്‍ഫ്യൂവില്‍ പങ്കാളികളായി. അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാരും ആശുപത്രികളിലേക്കുള്ള വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ക്ഷേത്രങ്ങളും ദേവാലയങ്ങളും ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലും ഇന്നലെ ജനങ്ങളെ പ്രവേശിപ്പിച്ചില്ല. കുറവിലങ്ങാട് മര്‍ത്തമറിയം പള്ളി, കോട്ടയം ലൂര്‍ദ് പള്ളി തുടങ്ങിയ ദേവാലയങ്ങളില്‍ കുര്‍ബാന ഓണ്‍ലൈനായി വിശ്വാസികളില്‍ എത്തിച്ചു. തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിയതറിയാതെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കൊല്‍ക്കത്ത സ്വദേശികളായ 25 അംഗ സംഘത്തിന് ജനറല്‍ ആശുപത്രിയില്‍ അഭയം നല്കി. വൈകിട്ട് അഞ്ചു മണിക്ക് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ജനങ്ങള്‍ കൈയുകളും പാത്രങ്ങളും കൊട്ടി. ക്ഷേത്രങ്ങളിലും വിവിധ പള്ളികളിലും മണികള്‍ മുഴക്കി.
ഇടുക്കി
ജനം ഒന്നാകെ വീടിന് വെളിയിലിറങ്ങാതെ കര്‍ഫ്യൂന് പിന്തുണ നല്കി. തൊടുപുഴ, കട്ടപ്പന നഗരങ്ങളില്‍ പോലും വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഗ്രാമപ്രദേശങ്ങളില്‍ ഇത് വിരലില്‍ എണ്ണാവുന്നതായി ചുരുങ്ങി. ദേശീയ പാതകളും സംസ്ഥാന പാതകളും വിജനമായിരുന്നു. ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തി. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് കൈകൊട്ടിയും പാത്രങ്ങളില്‍ അടിച്ചും ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
എറണാകുളം
ജനത കര്‍ഫ്യൂവില്‍ എറണാകുളം ജില്ല നിശ്ചലം. ഭൂരിഭാഗംപേരും വീടുകളില്‍ തന്നെ തങ്ങി. കൊച്ചി മെട്രോ സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല. ആരാധനാലയങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നിത്യചടങ്ങുകള്‍ മാത്രമാണ് നടന്നത്. മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കൊച്ചി നഗരത്തിലെ പ്രധാന ഇടങ്ങളായ വൈറ്റിലയും ഇടപ്പള്ളിയും വാഹനങ്ങളും ജനത്തിരക്കുമില്ലാതെ ശൂന്യമായി.
തൃശൂര്‍
പരിപൂര്ണമനസോടെ ജനങ്ങള്‍ കര്‍ഫ്യൂ ഏറ്റെടുത്തു. തൃശൂര്‍ നഗരം ഉള്‍പ്പെടെ പട്ടണങ്ങളും ഗ്രാമങ്ങളും നിശ്ചലമായി. ആരും വീടുവിട്ടിറങ്ങിയില്ല. വൈകിട്ട് അഞ്ചിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനം വീടുകള്‍ക്ക് മുന്നിലും മുകളിലുമായി അണിനിരന്നു. കോര്പ്പറേഷന് ഓഫീസ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സൈറണ്‍ മുഴങ്ങി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയങ്ങളില്‍ അഞ്ച് മണിക്ക് ദേവാലയ മണികള്‍ മുഴക്കി. പത്മശ്രീ പെരുവനം കുട്ടന്മാരാര് വീടിന്റെ മട്ടുപ്പാവിലെത്തി ചെണ്ടമേളം തീര്‍ത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പെരുവനം സതീശന്, ശങ്കരനാരായണന്, പേരക്കുട്ടികളായ യദു, വിനു തുടങ്ങിയവര്‍ കുട്ടന്മാരാര്ക്കൊപ്പം മേളത്തില്‍ പങ്കാളികളായി.
പാലക്കാട്
രാവിലെ മുതല്‍ ജില്ല നിശ്ചലമായി. പൊതുനിരത്തുകളില്‍ ജനങ്ങളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. മേലാമുറി മാര്‍ക്കറ്റ്, കോട്ടമൈതാനം, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും ഒഴിഞ്ഞു കിടന്നു. ഇതിന് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ എന്നിവയും അടഞ്ഞു കിടുന്നു. ജില്ലാ അഗ്നിശമന സേനാംഗങ്ങള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷന് വൃത്തിയാക്കി.
മലപ്പുറം
കുടുംബങ്ങള്‍ ഒന്നിച്ച് വീട്ടിലിരുന്നതോടെ നാല്ക്കവലകളും ടൗണുകളും തീര്‍ത്തും വിജനമായി. ഗ്രാമപ്രദേശങ്ങളിലെ കടകള്‍ പോലും തുറന്നുപ്രവര്‍ത്തിച്ചില്ല. ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍ തങ്ങളുടെ വാഹനങ്ങള്‍ ശുചീകരിക്കാന്‍ സമയം കണ്ടെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങളും ബസ് സ്റ്റാന്‍ഡുകളും ശുചിയാക്കി. വകിട്ട് അഞ്ചിന് മിക്ക സ്ഥലങ്ങളിലും കൈയടിച്ചും ശബ്ദമുണ്ടാക്കിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്കി.
കോഴിക്കോട്
നഗരമെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചു. ജില്ലയിലെ റോഡുകളെല്ലാം വിജനമായി. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. വൈകിട്ട് അഞ്ചിന് നഗരത്തിലെ ഫഌറ്റുകളില്‍ കഴിയുന്നവരും നാട്ടിന്പുറങ്ങളിലുള്ളവരും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൈയടിച്ചു, താലം മുട്ടി.
വയനാട്
ബത്തേരി പോലീസിന്റെ നേതൃത്വത്തില്‍ ടൗണിലെ പൊതു ഇടങ്ങള്‍ ശുചീകരിച്ചു. മാനന്തവാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി മാര്‍ക്കറ്റുകള്‍ നിശ്ചലമായി. തമിഴ്നാട് അതിര്‍ത്തി കടന്ന് ജില്ലയിലേക്കോ, തമിഴ്നാട്ടിലേക്കോ വാഹനങ്ങള്‍ പോയില്ല. ആംബുലന്‍സ് അടക്കം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. അതിര്‍ത്തികളില്‍ തമിഴ്നാട്-കേരള പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കണ്ണൂര്‍
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജില്ലയിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. ജില്ലയിലെ നഗര-ഗ്രാമീണ മേഖലകളെല്ലാം നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യ, പൊതു ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമായി. നിരത്തുകളെല്ലാം വിജനമായിരുന്നു. വീടുകളില്‍ കഴിഞ്ഞവര്‍ വീടും പരിസരവും ശുചീകരിച്ചു.
രാഷ്ട്രീയ-സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം എല്ലാ വിഭാഗം ജനങ്ങളും വീടും പരിസരവും ശുചീകരിച്ചു. വൈകിട്ട് വീടുകളില്‍ കൈയടിച്ചും ശംഖനാദം മുഴക്കിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പിന്തുണ ജനങ്ങള്‍ അറിയിച്ചു.
കാസര്‍കോട്
ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണ്ണമായി സഹകരിച്ച് ജനങ്ങള്‍. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചതോടെ നിരത്തുകളെല്ലാം നിശ്ചലം. കടകളൊന്നും തന്നെ തുറന്നില്ല. ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പൊതുയിടങ്ങള്‍ ശുചീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: