മസ്കത്ത്: ഒമാനില്‍ പൊതുസ്ഥലങ്ങളിലുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 30ശതമാനമായി കുറച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സര്‍ക്കാര്‍ പറഞ്ഞു.
കൊവിഡ് 19മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. രാജ്യത്തെ എല്ലാ മണി എക്സ്ചേഞ്ച് സെന്ററുകളും അടച്ചുപൂട്ടും. പകരം ബാങ്കുകള്‍ വൈറസ് വ്യാപനം തടയുന്നതിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കണം. പത്രങ്ങളുടേതും മാഗസിനുകളുടേതും ഉള്‍പ്പെടെ എല്ലാത്തരം അച്ചടി മാധ്യമങ്ങളുടെയും പ്രിന്റിങ് നിര്‍ത്തിവെയ്ക്കും. ഇവയുടെ വിതരണത്തിനും വിലക്കുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് പ്രസിദ്ധീകരിക്കുന്നവയുടെ വിതരണത്തിനും വിലക്കേര്‍പ്പെടുത്തി.
കഴിവതും ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചുപൂട്ടി. പകരം ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരിമിതപ്പെടുത്തുകയും പകരം ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണമെന്ന് ഗവണ്‍ന്റ് അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: