തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് 2 അടക്കം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹൈസ്കൂള്‍ ക്ലാസുകളിലേയും പ്ലസ്വണ്ണിലേയും ബാക്കിയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകള്‍ എന്നു നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇനിയുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കും.
രാജ്യത്തെ പരീക്ഷകള്‍ എല്ലാം മാറ്റിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും കേരളത്തില്‍ അതു നടപ്പാക്കില്ല എന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. എട്ട് ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. ഒന്‍പതാം ക്ലാസിന് ഇന്നലെ രാവിലെയും പരീക്ഷ നടന്നിരുന്നു.
സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റിയിട്ടും സംസ്ഥാനത്തെ പ്ലസ്വണ്, പ്ലസ്ടു പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലായിരുന്നു.
സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന യുജിസി നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
എസ്എസ്എല്‍സിക്ക് കണക്ക്, ഊര്‍ജതന്ത്രം, രസതന്ത്രം എന്നീവിഷയങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. 26 പ്ലസ്വണ്ണിനും പ്ലസ്ടുവിനും നാലു പരീക്ഷകളും. എംജി സര്‍വകലാശാലയില്‍ ഇന്നലെ നടക്കേണ്ട പരീക്ഷകളും മാറ്റി. ചോദ്യ പേപ്പര്‍ അയയ്ച്ചെങ്കിലും വിതരണം ചെയ്യാത്തതിനാലാണ് പരീക്ഷകള്‍ മാറ്റിയത്.
പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ഗുരുതരമായ സാഹചര്യം നിലനില്‍ക്കെ പരീക്ഷകള്‍ നടത്തുന്നതില്‍ ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: