ഇടുക്കി: തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളെക്കുറിച്ചു പഠിക്കുന്നതിന് ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഡിജിറ്റല്‍ സീസ്മോഗ്രാഫ് സ്ഥാപിക്കുവാന്‍ തീരുമാനം. ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാന്‍ എത്തിയ സംഘത്തിന്റേതാണ് ഈ നിര്‍ദേശം. ജില്ലയില്‍ എന്തുകൊണ്ട് ഇത്തരം ചലനങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തും. ഇതിന്റെ ഭാഗമായാണ് ഇടുക്കി ഡാം, ആലടി, ചോറ്റുപാറ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ സീസ്മോഗ്രാഫ് സ്ഥാപിക്കുന്നത്.
മൂന്നു മാസമെങ്കിലും ഉപകരണങ്ങള്‍ ഇവിടങ്ങളില്‍ നിലനിര്‍ത്തും. പിന്നീട് ദല്‍ഹിയിലെ ആസ്ഥാനത്ത് ഇതില്‍ നിന്നുള്ള റിപ്പോര്‍ട്ട് നിരീക്ഷിക്കും. ഇടുക്കി പൊതുവെ ഭ്രംശ മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണെങ്കിലും ഇപ്പോഴുണ്ടായ ചലനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ 2.5 പോയിന്റില്‍ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആദ്യഘട്ട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനം വേണമോ എന്ന് തീരുമാനിക്കും. കൊടൈക്കനാല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പ മാപിനി സ്റ്റേഷനുകളിലാണ് ചലനങ്ങള്‍ രേഖപ്പെടുത്തുന്നത്.
നാഷണല്‍ സീസ്മോളജി സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘമാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാങ്കേതിക വിദഗ്ധരായ കുല്‍വീര്‍ സിങ്, എം.എല്‍. ജോര്‍ജ് എന്നിവരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്ക് അനലിസ്റ്റ് വിദഗ്ധന്‍ ജി.എസ്. പ്രദീപും ഉള്‍പ്പെടുന്നതാണ് സംഘം. ഇടുക്കിയില്‍ വളരെ കുറഞ്ഞ തീവ്രതയിലുള്ള ചലനങ്ങള്‍ ആയതിനാല്‍ ഒരുതരത്തിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംഘം വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം വരെ ഏതാണ്ട് അമ്പതോളം ചലനങ്ങളാണ് ജില്ലയിലുണ്ടായത്. ഫെബ്രുവരി 27നാണ് ഇടുക്കി ഡാം ടോപ്പ് പ്രഭവകേന്ദ്രമായി ജില്ലയില്‍ ആദ്യ ചലനമുണ്ടായത്. ഇത് ഭൂകമ്പമാപിനിയില്‍ 2.1 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 28, മാര്‍ച്ച് 4, 13, 14 തീയതികളിലും തുടര്‍ചലനങ്ങളുണ്ടായി. ഇതില്‍ ഏറ്റവും ശക്തമായത് 13ന് രാവിലെ 9.46ന് റിക്ടര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയതാണ്. ഇതിന്റെ മുഴക്കം 70 സെക്കന്‍ഡോളം നീണ്ടു. ഇതേ തുടര്‍ന്ന് കെഎസ്ഇബി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെയും നാഷണല്‍ ജിയോ ഫിസിക്കല്‍ ലാബോറട്ടറിയുടെയും സഹായം തേടിയിരുന്നു.
ഭൂചലനം സംബന്ധിച്ച് അടിയന്തര പഠനം നടത്തുവാനും പുതിയ സ്റ്റേഷന് കേരളത്തില്‍ സ്ഥാപിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പിനോട് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്ലും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംഘമെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: