കേരളം രണ്ടുതരം ഫാസിസ്റ്റ് പ്രവണതകളുടെ സംഗമ ഭൂമിയാണ്. ആ പ്രവണതകള്‍ സംഘടിത രൂപമായി നമ്മുടെ മതേതര മാനസിക പൈതൃകത്തെ ആകെ വിഴുങ്ങുന്ന ഭീകര ദൃശ്യമാണ് കേരളത്തിന്റെ സാംസ്കാരിക മണ്ഡലം കണ്ടുകൊണ്ടിരിക്കുന്നത്. അവ ഇടതു ഫാസിസവും ജിഹാദി ഫാസിസവുമാണ്. രണ്ടും സമഗ്രാധിപത്യപരവും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ എതിരെ പ്രതികരിക്കാന്‍ എഴുത്തുകാര്‍ മടിക്കുന്നു. ഇടതു ഫാസിസ്റ്റുകള്‍ സ്വയം പുരോഗമനവാദികള്‍ എന്നു വിശേഷിപ്പിക്കുകയും, ദേശീയ ജനാധിപത്യവാദികളെ ഫാസിസ്റ്റുകളെന്ന് വിളിച്ച് കൃതാര്‍ത്ഥരാവുകയും ചെയ്യുന്നു. ജിഹാദി ഫാസിസ്റ്റുകള്‍ സ്വയം ഇരകളാണെന്ന് പ്രചരിപ്പിക്കുകയും, വംശീയമായ ഉന്മൂലനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ടുതരം ഫാസിസ്റ്റ് സംഘങ്ങളും അക്രമത്തിലൂന്നിയ സാമൂഹ്യമാറ്റം ലക്ഷ്യമിടുന്നവരാകയാല് സ്വതവേ ഭീരുക്കളായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഇക്കൂട്ടരെ പുകഴ്ത്തി സമ്പത്തും പ്രശസ്തിയും പദവികളും നേടി സംസ്ഥചിത്തരായി കഴിഞ്ഞുപോകുന്നു.
ഭീരുക്കളാണെങ്കിലും രചനയില്‍ ഏര്‍പ്പെടുന്നവര്‍ അധര്‍മത്തിനെതിരെ പ്രതികരിക്കാതെ സ്ഥിരം കാഴ്ചക്കാരായി നോക്കിനില്‍ക്കില്ല. സോള്സെന്യത്സനെയും തസ്ലീമ നസ്രിനെയും പോലുള്ളവര്‍ മറ്റു രാജ്യങ്ങളില്‍ അഭയം തേടി അവിടങ്ങളിലിരുന്നു പ്രതികരിച്ചു. പ്രച്ഛന്നമായ പ്രതീകാത്മക പ്രതികരണങ്ങളാണ് ചിലരുടെ രീതി. തൂലികാ നാമങ്ങളില്‍ മറഞ്ഞിരുന്നു പ്രതികരിക്കുക; പ്രതീകവല്ക്കരണത്തിലൂടെയുള്ള പ്രച്ഛന്ന പ്രതികരണം; ഇങ്ങനെയുള്ള രീതികള്‍ ചില എഴുത്തുകാര്‍ സ്വീകരിക്കും. കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്ത ഫലിതങ്ങളില്‍ പലതും ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ രാജസ്ഥാനത്തെ പരിഹസിച്ചിരുത്തിയത് മലയാളികള്‍ക്ക് പരിചിതമാണ്.
വി.ജെ. ജെയിംസ് അദ്ദേഹത്തിന്റെ നിരീശ്വരന് എന്ന നോവലിലൂടെ പ്രതീകവല്‍ക്കരിക്കുന്നത് എന്തിനെയാണെന്ന് സൂക്ഷ്മ പാരായണത്തിനൊടുവില്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നു. പുരോഗമന നാട്യത്തില്‍ കേരളത്തിന്റെ സാംസ്കാരികാവസ്ഥയെ ആകമാനം വിഴുങ്ങുന്ന ഇടതുപക്ഷ ഫാസിസ്റ്റ് പ്രസ്ഥാനത്തിനെതിരായ നോവലിസ്റ്റിന്റെ പ്രതീകാത്മക പ്രതിഷേധമാണ് നിരീശ്വരന്. സാധാരണ മനുഷ്യന്റെ ആശ്വാസ കേന്ദ്രങ്ങളായ ആത്മീയ സ്ഥാപനങ്ങളെ അപഹസിച്ചും കടന്നാക്രമിച്ചും നശിപ്പിക്കുന്നതിനെ നോവലിസ്റ്റ് ചില പ്രതീകങ്ങളിലൂടെ എതിര്‍ക്കുന്നു.
നിരീശ്വരന് ക്ഷേത്രം പണിയാനായി പോകുന്ന യുക്തിവാദികള്‍ക്ക് നോവലിസ്റ്റ് ഇട്ടിരിക്കുന്ന പേരുകള്‍ തന്നെ ശ്രദ്ധേയമാണ്. ആന്റണി, ഭാസ്കരന്, സഹീര്‍ എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ‘ആഭാസ സംഘം’ എന്നാണ് അവര്‍ക്ക് ജെയിംസ് പേരിട്ടിരിക്കുന്നത്. മതേതരത്വം, യുക്തിവാദം, പുരോഗമനം എന്നൊക്കെ വിളിച്ചുകൂവിക്കൊണ്ട് ഒരു കൂട്ടം നിരാലംബരായ മനുഷ്യരുടെ വിശ്വാസങ്ങളെ അകാരണമായി ചവിട്ടിയരക്കുന്നവരെ ‘ആഭാസന്മാര്’ എന്നു വിളിക്കാന്‍ നോവലിസ്റ്റിന് ധൈര്യം കൊടുത്തത് പെട്ടെന്നൊന്നും തന്റെ ഉന്നം ഈ പുരോഗമന നാട്യക്കാര്‍ തിരിച്ചറിയാനിടയില്ലെന്ന വിശ്വാസമായിരിക്കാം.
‘വര്‍ഗ ശത്രു’ എന്നൊക്കെ ഓമനപ്പേരിട്ട് എതിര് പാര്‍ട്ടിക്കാരും അര്ദ്ധപ്പട്ടിണിക്കാരുമായ തൊഴിലാളികളെ, അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നു മാറിപ്പോയവരെ അകാരണമായി കൊത്തിനുറുക്കുന്ന ക്രൂരതയെ നോവലിസ്റ്റ് ഏതാണ്ടു പ്രത്യക്ഷമായിത്തന്നെ അരിഞ്ഞുവീഴ്ത്തുന്നുണ്ട്. ഭാസ്കരന് താന്‍ തന്നെ മെനഞ്ഞ നിരീശ്വര പ്രതിമയെ അംഗഭംഗം വരുത്തുമ്പോള്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്. ”വെറുമൊരു പ്രതിമയെ വെട്ടിമുറിച്ചപ്പോള്‍ ഇത്രമേല്‍ വിഷമം തോന്നുന്നുവെങ്കില്‍ പച്ച മനുഷ്യനെ വടിവാള്‍കൊണ്ട് തലങ്ങും വിലങ്ങും ഛിന്നഭിന്നമാക്കാന്‍ മടി കാട്ടാത്തോര് എത്രമേല്‍ മനസ്സാക്ഷിരഹിതരായിരിക്കണം.” ടിപി വധം പോലുള്ള സംഭവങ്ങള്‍ മനസ്സിലേല്‍പ്പിച്ച മുറിവില്‍നിന്നു മാത്രമേ ഇത്രയും പ്രകടമായ ഒരു പ്രതിഷേധ സ്വരം ഉയര്ന്നുപൊങ്ങുകയുള്ളൂ. ടിപി വധം നടന്ന സന്ദര്‍ഭത്തില്‍ ഭയംകൊണ്ടും അവാര്‍ഡുകള്‍ നഷ്ടമാകുമോയെന്ന ആശങ്കകൊണ്ടും ഒട്ടുമിക്ക എഴുത്തുകാരും പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇടതുസഹയാത്രികനായിരുന്നിട്ടും ശക്തമായി പ്രതികരിച്ച വൈശാഖനെപ്പോലുള്ളവര് സംസ്കാര കേരളത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് ഈ അവസരത്തില്‍ പറയാതിരിക്കുന്നതു ശരിയല്ല.
ക്രിസ്തുമത വിശ്വാസിയാണെങ്കിലും ക്രിസ്തീയാരാധനാ രീതികള്‍ക്കെതിരെ എന്തെങ്കിലും കൈകടത്തല്‍ ‘ആഭാസ സംഘം’ നടത്തുന്നതായി ജെയിംസിനു പരാതിയില്ല. ആഭാസ സംഘം പള്ളിയല്ല സ്ഥാപിക്കുന്നത് മറിച്ച് അമ്പലമാണ്. ”ഒറ്റനോട്ടത്തില്‍ ശിവലിംഗമാണെന്ന് തെറ്റിദ്ധരിച്ചോട്ടെ” എന്നാണ് ആന്റണി പറയുന്നത്. നിരീശ്വരന്റെ ക്ഷേത്രത്തില്‍ പൂജാരിയായി എത്തുന്ന ഈശ്വരന് എമ്പ്രാന്തിരിയെ ഒരു സാത്വിക പ്രതീകമാക്കി അവതരിപ്പിച്ചതും, അദ്ദേഹത്തിന്റെ ജീവിത ചിത്രം വരയ്ക്കുന്ന രീതിയും നോവലിസ്റ്റിന്റെ പക്ഷപാതിത്വം സത്യത്തോടാണ് എന്ന് തെളിയിക്കുന്നു. ദേവന്റെ തിരുവാഭരണം കളവുപോയതിനു യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിച്ച് പകരം നിരപരാധിയും യഥാര്‍ത്ഥ ഭക്തനുമായ എമ്പ്രാന്തിരിയെ വിലങ്ങുവയ്ക്കുന്നതുമൊക്കെ അവതരിപ്പിക്കുന്നത് കേരളത്തില്‍ ഇന്നു നടമാടുന്ന അസംഖ്യം തിന്മകളോട് നോവലിസ്റ്റിനുള്ള സ്വാഭാവിക പ്രതികരണമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കേരളത്തില്‍ ഇന്ന് അസംഖ്യം കേസുകളില്‍ നിരപരാധികള്‍ ജയിലിലടയ്ക്കപ്പെടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. അതൊക്കെ മാധ്യമങ്ങളുടെ സഹായത്തോടെ തേച്ചുമായ്ച്ചു കളയുന്നു. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ കുറ്റവാളി സമൂഹമാണ് ഒരു കൂട്ടം മാധ്യമങ്ങള്‍. സത്യം അറിയാമായിരുന്നിട്ടും, അതിനോടൊപ്പം നില്‍ക്കാതെ ബോധപൂര്‍വം അധര്മത്തോടൊപ്പം നില്‍ക്കുന്നത് കുറ്റകൃത്യമാണ്. ആ കുറ്റകൃത്യമാണ് നമ്മുടെ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ധര്മത്തിന് ആത്യന്തിക വിജയം ഉണ്ടാകുമെന്നു നമുക്ക് വിശ്വസിക്കാനാകുമോ? ഉറപ്പൊന്നുമില്ല. മതം മാറാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കൊല്ലപ്പെട്ട യസീദികള്‍ക്കും കശ്മീരി പണ്ഡിറ്റുകള്‍ക്കും ധര്‍മനീതി ലഭിച്ചോ? പണ്ഡിറ്റുകള്‍ ഇപ്പോഴാണ് ആത്മവിശ്വാസം വീണ്ടെടുത്തത്. യസീദികള് പല യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെന്റുകളില്‍ കഴിയുന്നു. ചിലരൊക്കെ നടുക്കടലില്‍ മുങ്ങിത്താഴുകയും ചെയ്തു. എമ്പ്രാന്തിരിയുടെ ചിത്രം അങ്ങേയറ്റം ദയനീയമായാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ജീവിതത്തിന്റെ ഏറ്റവും സഹതാപാര്‍ഹമായ ദുരന്തമുഖത്ത് നില്‍ക്കുമ്പോഴും എമ്പ്രാന്തിരി തന്റെ സാത്വിക ജീവിതം ഉപേക്ഷിക്കുന്നില്ല. ഇന്നു കേരളത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട ഹിന്ദു സമൂഹത്തിന്റെ പ്രതീകമാണ് ഈ കഥാപാത്രം. നിഷ്പക്ഷനായ മനുഷ്യത്വത്തോട് ആഭിമുഖ്യമുള്ള ഒരു എഴുത്തുകാരന്റെ ധാര്‍മിക രോഷം ഗുപ്തമായ രീതിയില്‍ നോവലിസ്റ്റ് എവിടെയും പ്രകടമാക്കുന്നു എന്നു വേണം കരുതാന്‍.
അലക്സാണ്ടര്‍ സോള്‍ സെനിത്സന് അറുപതുകളിലെ സോവിയറ്റു യൂണിയനെ പ്രതീകവല്‍ക്കരിച്ചത് ‘കാന്‍സര്‍ വാര്‍ഡ്’ എന്ന കൃതിയിലൂടെയാണ്. വാര്‍ഡ് 13-ല്‍ കഴിയുന്ന ഒരു കൂട്ടം കാന്‍സര്‍ രോഗികളുടെ അവസ്ഥ ചിത്രീകരിക്കുന്നത് സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് യൂണിയനെ പ്രതീകവല്ക്കരിക്കാന് ആയിരുന്നു. ഏതാണ്ട് അതിന് സമാനമായ അവസ്ഥയാണ് ഇന്നത്തെ കേരളത്തിലുള്ളത് എന്നതിനു തെളിവാണ് ഇത്തരം പ്രതീകവല്ക്കരണ ശ്രമങ്ങള്‍. ഒരു തുറന്നെഴുത്ത് ഭീകരമായ തിരിച്ചടികള്‍ക്കു കാരണമാകുമെന്നു നോവലിസ്റ്റ് ഭയക്കുന്നതാവാം ഇത്തരമൊരു പരിശ്രമത്തിനു മുതിര്‍ന്നത്.
വിശ്വാസവും അവിശ്വാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് തന്നെയാണെന്നും ഫലത്തില്‍ രണ്ടും വിശ്വാസങ്ങളാണ് എന്നതുമാണ് നോവലിന്റെ ഫലശ്രുതി. കേരള സമൂഹത്തിന്റെ (സമൂഹത്തിന്റെ മൊത്തം അല്ല, ഒരു ന്യൂനപക്ഷത്തിന്റെ. പക്ഷേ അവര്‍ അധികാരത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരാകയാല്‍ ശക്തരാണ്) വിശ്വാസവിരുദ്ധമായ പുരോഗമന നാട്യം എത്രമാത്രം യുക്തിരഹിതമാണെന്ന് നോവല്‍ ശരിക്കും സമര്‍ത്ഥിക്കുന്നു. ഒരു വിശ്വാസം എടുത്തു മാറ്റുമ്പോള്‍ മറ്റൊന്നു സ്ഥാപിക്കേണ്ടി വരുന്നു. ഈശ്വര വിശ്വാസം അതും വിഗ്രഹാരാധന വളരെ തരംതാഴ്ന്ന ഒന്നാണെന്ന് കേരളത്തിലെ പുരോഗമന നാട്യക്കാരും മതംമാറ്റല്‍ ലോബിയും ഒരുമിച്ചുനിന്നു പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈശ്വരന് എന്ന സങ്കല്പത്തെ (അല്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ) ആഴത്തില്‍ പഠിച്ചാല്‍ നമുക്കൊരു കാര്യം ബോധ്യപ്പെടും. അരൂപിയായ ഈശ്വരനെ ഏതെങ്കിലും പ്രതീകങ്ങളിലൂടെ മാത്രമേ മനുഷ്യന് ആരാധിക്കാനാവൂ. വിഗ്രഹങ്ങള്‍ പ്രതീകങ്ങളാണ്. ആദ്യകാല ഹിന്ദുമതം ഏകദേവ വിശ്വാസമാണ് പുലര്‍ത്തിയിരുന്നത്. ഋഗ്വേദത്തില്‍ ഏകദൈവ വിശ്വാസത്തെ പിന്താങ്ങുന്ന അനേകം ശ്ലോകങ്ങളുണ്ട്. എന്നാല്‍ അതിന്റെ യുക്തിരാഹിത്യം ബോധ്യപ്പെട്ടശേഷമാണ് വിഗ്രഹാരാധനയിലേക്ക് മാറിയത്. ഇരുന്നൂറ് ബില്യനടുത്ത് നക്ഷത്രങ്ങളുള്ള ഗ്യാലക്സികള്‍ തന്നെ 170 ബില്യണ്‍ മനുഷ്യന്റെ നിരീക്ഷണത്തില്‍ കാണാനായിട്ടുണ്ട്. അത്രയും വലിയ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉടമയായ ഈശ്വരനെ മനുഷ്യന് നേരിട്ട് ആരാധിക്കുന്നതിലുള്ള യുക്തിരാഹിത്യം പ്രാചീന ഋഷിമാര്‍ തിരിച്ചറിഞ്ഞിരുന്നു. അതാണ് പ്രപഞ്ച ശക്തികളെ പ്രതീകവല്‍ക്കരിക്കുന്നതില്‍ എത്തിച്ചേര്‍ന്നത്. പ്രാകൃത സമൂഹങ്ങളിലെ വിഗ്രഹാരാധനയും ഭാരതത്തിന്റെ പ്രതീകാത്മക ആരാധനയും ഒന്നല്ല. രണ്ടിനെയും ഒരുപോലെ കണ്ട് യുക്തിവാദികളെന്ന് അവകാശപ്പെടുന്ന യുക്തിരാഹിത്യക്കാര് ആക്ഷേപിക്കുന്നു. എന്നാലവരുടെ യുക്തിശൂന്യത അവര്‍ തിരിച്ചറിയുന്നേയില്ല.
ഉപനിഷദ് സൂക്തങ്ങളുടെ സാരമായി ശങ്കരന് കണ്ടെത്തിയത് ”ബ്രഹ്മസത്യം ജഗത് മിഥ്യ” എന്നതാണ്. ”ജീവോ ബ്രഹ്മൈവനാ അപരാ” എന്ന ഉത്തരഭാഗത്തെ ഒഴിവാക്കി നോവലിസ്റ്റ് ചലനനിയമം എന്ന അധ്യായത്തില്‍ ഈ സൂക്തം ഉപയോഗിക്കുന്നുണ്ട്. നോവലിസ്റ്റ് എഴുതുന്നു: ”അതേ, ശങ്കരന് പറയുന്നതുപോലെ വേറെയേതോ ആണ്. എനിക്കും ഇക്കാണുന്ന ലോകമല്ല എന്റെ ലോകം. ഈ അദ്വൈതമൊക്കെ വാദത്തിനു കൊള്ളാമെന്നല്ലാതെ പച്ചയായ ജീവിതത്തില്‍ ഉപകരിക്കില്ല.” ജീവിതത്തിനുപകരിക്കില്ല എന്നു പറയുന്നുണ്ടെങ്കിലും നോവലിസ്റ്റിന്റെ ബോധ്യം മായാ വാദത്തിലാണെന്നു നോവല്‍ ആകെ പരിശോധിക്കുമ്പോള്‍ വ്യക്തമാവും. തുടര്‍ന്നുള്ള വരികളിലെല്ലാം മായാവാദത്തെ സാധൂകരിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നതു കാണാം.
നോവലിസ്റ്റിന്റെ പ്രതികരണങ്ങളെല്ലാം ബോധപൂര്‍വം ആയിക്കൊള്ളണം എന്നില്ല. അതൊക്കെ അബോധമനസ്സില്‍ നിന്നും അദ്ദേഹമറിയാതെ പുറത്തേക്കു ചാടിയതാവാം. മഹത്തായ കൃതികളെല്ലാം ഒരു ധ്യാനാവസ്ഥയില്‍ രൂപപ്പെടുന്നവയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ബോധമനസ്സിന്റെ ദാര്‍ഢ്യങ്ങളെ അവബോധം മറികടക്കും; ഭാവന നഗ്നമാകും. ആ നഗ്നാവസ്ഥയില്‍ അയാളറിയാതെ സത്യം അനാവൃതമാകും. ഒരുപക്ഷേ വി.ജെ. ജെയിംസിന് സംഭവിച്ചതും അതുതന്നെയാകാം. താന്‍ അനുഭവിച്ചതും അറിഞ്ഞതുമായ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തില്‍ ഉറഞ്ഞുകൂടി അറിയാതെ പുറത്തുചാടിയതാകാം ഈ പ്രതികരണങ്ങള്‍. തിന്മയും അധാര്‍മികതയും എല്ലാ അതിരുകളും ലംഘിച്ചു പായുന്ന കേരളത്തിലെ സാംസ്കാരികാവസ്ഥയ്ക്കെതിരെ തുറന്നു ശബ്ദിക്കാന്‍ തന്റെ ഭയം അദ്ദേഹത്തെ അനുവദിച്ചില്ലെങ്കിലും അതൊക്കെ അബോധത്തില്‍നിന്നു സര്‍ഗ്ഗാത്മക സൗന്ദര്യമായി പുറത്തേക്ക് എഴുന്നള്ളുകയായിരുന്നു. ഫ്രഞ്ച് നാടകകൃത്തായ മോളിയറുടെ കഥാപാത്രം ചോദിച്ചതുപോലെ ‘ജീവിതത്തില്‍ താനിതുവരെ പറഞ്ഞതെല്ലാം ഗദ്യമായിരുന്നല്ലേ’ എന്ന തരത്തില്‍ എന്റെ കൃതിയിലൂടെ ഞാന്‍ വലിയ ദുരന്ത സത്യങ്ങള്‍ വിളിച്ചു പറയുകയായിരുന്നോ എന്ന് നോവലിസ്റ്റ് ചോദിച്ചു പോയേക്കാം.
മനുഷ്യാവകാശ ലംഘനങ്ങളും നിരന്തരമായ ഹത്യകളും വഴി ഒരു ക്യാന്‍സര്‍ വാര്ഡായിപ്പോയ സോവിയറ്റു യൂണിയന് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചിടുന്ന ഈ നോവലിസ്റ്റിനെ മലയാളത്തിന്റെ സോള്‍ സെനിത്സണ് എന്ന് അനന്തരകാലം വിലയിരുത്തും. തലയ്ക്കു മുകളില്‍ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം ഉള്ളതുകൊണ്ടുമാത്രം നോവലിസ്റ്റിന് കേരളം വിട്ടു മറ്റെവിടേക്കെങ്കിലും അഭയം തേടേണ്ടി വരില്ല. സത്യത്തെ അധികകാലം മൂടിവയ്ക്കാനാവില്ലല്ലോ. അവാര്‍ഡു കിട്ടില്ലെന്ന് ഭയന്ന് അമര്‍ഷത്തോടൊപ്പം നില്ക്കുന്ന മലയാളത്തിലെ എഴുത്തുകാര്‍ക്ക് ജെയിംസ് ഒരു ആഘാതമാണ്. കൃതി ശരിയായ രീതിയില്‍ വായിക്കപ്പെടുന്നതോടെ ഒറ്റപ്പെടുത്തലുകള്‍ അദ്ദേഹത്തെ തേടി എത്താന്‍ തുടങ്ങും.
കല്ലറ അജയന്
9446751163
പ്രതികരിക്കാൻ ഇവിടെ എഴുതുക: