ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് രാജ്യത്തിന്റെ പിന്തുണ. വിവധ കോണുകളില്‍ നിന്ന് ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് നിരവധി പേര് രംഗത്തു വന്നു. ഒാരോ പൗരനും ശ്രദ്ധാലുവായിരിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. എല്ലാവരും ജാഗ്രതയോടെ, ശ്രദ്ധയോടെ ഇരിക്കുക. ഉത്തരവാദിത്വമുള്ള പൗരന് എന്ന നിലയ്ക്ക് വൈറസ് ബാധയെ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നാം പാലിക്കണമെന്നും കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പി. ചിദംബരം പറഞ്ഞു. ഫലത്തില്‍ ധാര്‍മിക ആയുധങ്ങളുമായി കൊറോണയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഞായറാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും തങ്ങള്‍ അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ അനുസരിക്കണമെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗണ് പറഞ്ഞു. ജനങ്ങള്‍ എപ്പോഴും കൈകള്‍ വൃത്തിയായി സൂക്ഷിച്ചുകൊണ്ട് 22ലെ സ്വയം ജനതാ കര്‍ഫ്യൂ പാലിക്കണം.പ്രധാനമന്ത്രിയുടെ ആഹ്വാനം വളരെ മികച്ചതാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ലോകത്തെ അറിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ പ്രസംഗം മികച്ചതായിരുന്നുവെന്ന് ബോളിവുഡ് താരം ഷബാന ആസ്മി പ്രതികരിച്ചു. ഞായറാഴ്ച അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന ജനതാ കര്‍ഫ്യൂവില്‍ എല്ലാവരും പങ്കെടുക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ജനതാ കര്‍ഫ്യൂ മികച്ച തീരുമാനമാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക സാഗരികാ ഘോഷ് പറഞ്ഞു. പൗരബോധവും സാമൂഹിക അകലവും പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന ആശയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാഗതം ചെയ്ത് ബിസിനസ് ലോകം
കൊച്ചി: കൊറോണ വൈറസ് എന്ന മഹാമാരി ഉയര്‍ത്തുന്ന ഭീഷണിയെ ഒറ്റക്കെട്ടായി നേരിടാന്‍ ജനങ്ങള്‍ സ്വയം സജ്ജമാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വാഗതം ചെയ്ത് ബിസിനസ് ലോകം. ലോകമെമ്പാടും സാമൂഹിക അകലം പാലിക്കുന്ന ഈ അവസരത്തില്‍ പ്രധാനമന്ത്രിയുടെ ഇത്തരം സന്ദേശം നമ്മുടെ നാട്ടുകാരെ പ്രചോദിപ്പിക്കുമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന ബിസിനസ് ലോകം സ്വാഗതം ചെയ്യുന്നു. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുമായി കൂടിയാലോചനകള്‍ നടത്തിയും ഏകോപനമുണ്ടാക്കിയും ഉചിതമായ ധനകാര്യ നടപടികളെടുക്കുമെന്നും ബാങ്കിങ് മേഖലയെ ലഘൂകരിച്ച് സാധാരണക്കാരുടെ കൈകളിലേക്ക് പണലഭ്യത വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദീബ് അഹമ്മദ് വിലയിരുത്തി.
ചടങ്ങുകള്‍ ഒഴിവാക്കി കോഴിക്കോട് രൂപത
കോഴിക്കോട്: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപത. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ച് മാര്‍ച്ച് 22 മുതല്‍ 31 വരെ ജനകീയ പങ്കാളിത്തത്തോടെയുള്ള ദിവ്യബലിയര്‍പ്പണം, കുരിശിന്റെ വഴി, നൊവേന, മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും നിര്‍ത്തിവെച്ചതായി കോഴിക്കോട് രൂപത മെത്രാന് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നല്കിയ ആഹ്വാനം പാലിക്കാന്‍ ഏവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: