ന്യൂദല്‍ഹി: കൊറോണ വ്യാപനത്തോടെ അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തില്‍. ചൈനയെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന അവസരമൊന്നും അമേരിക്ക നഷ്ടപ്പെടുത്തില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപു തന്നെ അതിനു നേതൃത്വവും നല്കുന്നു. കൊറോണയെ ചൈനീസ് വൈറസ് എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിളിച്ചത്. വൈറസ് പടര്‍ന്നതിനു പിന്നില്‍ അമേരിക്കയാണെന്ന് ചൈനയും പറയുന്നു.
ചൈനയ്ക്കു പുറത്ത് വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയും ഇറാനും വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിയുടെ ദുരിതം അനുഭവിക്കുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതിയത് പുതിയ വിവാദത്തിനു വഴിതുറന്നു. ചൈന മുന്‍കൈയെടുത്ത വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഇറ്റലിയും ഇറാനും ഒപ്പുവച്ചിരുന്നു. മൂന്നു രാജ്യങ്ങള്‍ക്കുമിടയ്ക്ക് നിരവധി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയായിരുന്നു ഇത്. തൊഴില്‍, അടിസ്ഥാന വികസനം, ഗതാഗതം തുടങ്ങി പല മേഖലകളിലും സഹകരണമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ആവിഷ്കരിച്ചത്.
എന്നാല്‍, പദ്ധതി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് വണ്‍ വൈറസ് എന്നായി എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതുന്നത്. സാമ്പത്തിക രംഗത്തെ പിന്നോട്ടുപോക്ക് പരിഹരിക്കാന്‍ ചൈനയുമായി സഹകരണം നല്ലതാണെന്നു കരുതിയ ഇറാനും ഇറ്റലിയും അനുഭവിക്കുന്നുവെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഓണ്‍ലൈന്‍ മാഗസിനായ ദി ഫെഡറലിസ്റ്റില് ഹെലെന് രാലിഗ് എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഇറാന്, ഇറ്റലി ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത മണ്ടന്‍ തീരുമാനത്തിന് ഇന്ന് ആ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്നു എന്നാണ് ഹെലെന് എഴുതുന്നത്. യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടേയും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ തള്ളിയാണ് കഴിഞ്ഞ വര്‍ഷം ഇറ്റലി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ധാരണയില്‍ ഒപ്പുവച്ചത്. ഈ പദ്ധതി അനുസരിച്ച് ഇറ്റലിയില്‍ ചൈന ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്ന ലോംബാര്‍ഡി നഗരത്തിലാണ് ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചത്. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് കരാര്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനായി ചൈനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും ഏറ്റവുമധികം എത്തുന്നതും ഈ നഗരത്തിലാണ്. ഇറ്റലിയിലെ കൊറോണ മരണത്തില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ലോംബാര്‍ഡിയിലാണ്. ഏപ്രില്‍ മൂന്നു വരെയെങ്കിലും ലോംബാര്‍ഡി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയേണ്ടി വരുമെന്നും ഹെലെന് രാലിഗിന്റെ ലേഖനത്തില്‍ പറയുന്നു.
ഇറാനിലെ വൈറസ് ബാധ കൈവിട്ടു പോയതിനു പിന്നിലും ചൈനയാണെന്നാണ് ആരോഗ്യ നിരീക്ഷകര്‍ കരുതുന്നത്. ഒബിഒആര്‍ പദ്ധതി പ്രകാരം എത്തിയ ചൈനീസ് തൊഴിലാളികളില്‍ നിന്നോ ചൈനയിലേക്ക് യാത്ര ചെയ്ത ഇറാനിയന്‍ വ്യവസായികള്‍ വഴിയോ രോഗം പടര്‍ന്നുവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: