കൊറോണക്കാലത്ത് വാര്‍ത്തകള്‍ എങ്ങനെ നല്‍കണം എന്നതു സംബന്ധിച്ച് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടത് അത്യാവശ്യമാണ്. കൊറോണ വൈറസ് മഹാമാരിയായി ലോകം മുഴുവന്‍ കീഴടക്കുമ്പോള്‍ ജനത്തെ ഭീതിപ്പെടുത്തുകയും അങ്കലാപ്പിലാക്കുകയും ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നത് ഉചിതമല്ല. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുതകുന്നതാകണം വാര്‍ത്തകളും ലേഖനങ്ങളുമെല്ലാം. രോഗത്തിനെതിരായ പോരാട്ടത്തിലെ നന്മമരങ്ങളെയും കാണാതെ പോകരുത്. അതിനു വിരുദ്ധമായി നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെ ക്രിമിനല്‍ മാധ്യമ പ്രവര്‍ത്തനമായി കാണേണ്ടി വരും.
ലോകത്തെ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയാണ് വൈറസ് പിടിമുറുക്കുന്നത്. ഇന്ത്യയിലാകെ രോഗം പടര്‍ന്നു പിടിച്ചിട്ടില്ലങ്കിലും വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള ജാഗ്രതയിലാണ് നമ്മള്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്ന ക്രിയാത്മകവും കര്‍ശനവുമായ നടപടികള്‍ക്കൊപ്പം നില്‍ക്കാനും അനുസരിക്കാനുമുള്ള ബാധ്യത നമുക്കുണ്ട്. ഒരാള്‍ക്കും അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. വിദേശത്തുപോയ ചിലര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലായവര്‍ക്കും മാത്രമാണ് രോഗം വന്നതെന്നും നമ്മിലേക്ക് എത്തില്ലെന്നും ആശ്വസിച്ചിരിക്കുന്നവരാണ് ഏറെയും. രോഗ പ്രതിരോധത്തിനായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ഈ മേഖലയിലെ വിദഗ്ധരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഗൗരവത്തോടെ പലരും കാണുന്നില്ല. രോഗം നമുക്ക് വരുന്നതുവരെ അതിനെ ചെറുതായി കാണുക എന്നതാണ് ബഹുഭൂരിപക്ഷം ആളുകളുടെയും സ്വഭാവം. എന്നാല്‍ ഈ വൈറസ് നമ്മള് ഓരോരുത്തരുടെയും അരികിലെത്തുന്നത് എത്ര വേഗത്തിലായിരിക്കുമെന്ന് ഊഹിക്കാന്‍ പോലുമാകില്ല.
രോഗത്തിന്റെ യഥാര്‍ത്ഥ മുഖവും തീവ്രതയും ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. എന്നാല്‍ അതില്‍ അതിശയോക്തിയും അവാസ്തവവും പാടില്ല. കൊറോണാ ഭീകരതയുടെ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ജനങ്ങളുടെ ഭയം അകറ്റുന്നത് കൂടിയാകണം വാര്‍ത്തകള്‍. ഭയപ്പാടിനടിപ്പെടുന്ന ജനങ്ങള്‍ മനുഷ്യത്വം പോലും മറന്ന് പെരുമാറും. അതിന്റെ ഉദാഹരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക് കാണാനും കഴിഞ്ഞു.
വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദ സഞ്ചാരിക്ക് ദൈവത്തിന്റെ നാട്ടില്‍ നിന്നുണ്ടായ ദുരനുഭവം കൊറോണയുടെ ഭീകരതയേക്കാള് കടുത്തതായി അദ്ദേഹത്തിന്റെ മനസിലുറയ്ക്കും. കൊറോണ ഭയത്താല്‍ ഇറ്റലിക്കാരന് ആരും താമസിക്കാന്‍ മുറി നല്‍കിയില്ല. തിരുവനന്തപുരത്തെത്തിയ അര്‍ജന്റീനയില്‍ നിന്നുള്ള സ്ത്രീയ്ക്കും ഇതേ അനുഭവമുണ്ടായി. നേരത്തെ അവര്‍ മുറി ബുക്ക് ചെയ്ത് എത്തിയിട്ടും അവര്‍ക്ക് മുറി നല്‍കിയില്ല. താമസിക്കാന്‍ ഇടമില്ലാതെ ആ വിദേശസ്ത്രീക്ക് രാത്രിയില്‍ അലയേണ്ടി വന്നു.
ഇതെല്ലാം സംഭവിക്കുന്നത് മനപ്പൂര്‍വമായാണെന്ന് കരുതാന്‍ വയ്യ. മലയാളിയുടെ മനസില്‍ നിന്ന് കാരുണ്യം ഇല്ലാതായിട്ടുമല്ല. സ്വന്തം ജീവനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസില്‍ അശാന്തി നിറയുന്നതിനാലാണത്. കൊറോണ രോഗം സൃഷ്ടിച്ച വലിയ ഭയത്തില്‍ നിന്നാണ് അശാന്തിയുണ്ടായത്. പുറത്തു വരുന്നതും പ്രചരിപ്പിക്കുന്നതുമായ വാര്‍ത്തകളില്‍ നിന്നാണ് ഭയം സൃഷ്ടിക്കപ്പെടുന്നത്.
കൊറോണക്കാലത്ത് ധാരാളം നല്ല വാര്‍ത്തകളും സംഭവിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അത് നമ്മിലേക്ക് എത്തിക്കുന്നുമുണ്ട്. കൊറോണ കാരണം കച്ചവടം ഇല്ലാതായ വ്യാപാരികളോട് ഈ മാസം കട വാടക വേണ്ടെന്നു പറഞ്ഞ കോഴിക്കോട്ടെയും തളിപ്പറമ്പിലെയും കട ഉടമകള്‍ അശാന്തിയുടെ കാലത്തെ പച്ചത്തുരുത്തുകളാണ്. അങ്ങനെയെത്രയോ അനുഭവങ്ങള്‍. ക്ഷേത്രങ്ങളില്‍ ഉത്സവക്കാലമാണിത്. ഗംഭീരമായി നടക്കേണ്ടിയിരുന്ന ഉത്സവങ്ങള്‍ എല്ലാം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തി. ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളും ആളുകള്‍ കൂട്ടത്തോടെയെത്തുന്ന ആരാധനകള്‍ വേണ്ടെന്നു വച്ചു. എല്ലാം മികച്ച മാതൃകകളായി.
രോഗം ഇല്ലാതിരുന്നിട്ടും വിദേശത്തു നിന്നെത്തി എന്നതിന്റെ പേരില്‍ 14 ദിവസവും 28 ദിവസവുമെല്ലാം സ്വയം ഏകാന്തവാസം തിരഞ്ഞെടുത്ത നിരവധി പേരുണ്ട്. വിദേശത്തു നിന്നെത്തിയവരും വിദേശികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമെല്ലാം അവരിലുണ്ട്. രോഗം പടരുന്നതിന് ഞങ്ങള്‍ കാരണമാകരുതെന്ന് തീരുമാനിച്ചാണവര്‍ സ്വയം നിരീക്ഷണത്തിലേക്ക് പോകുന്നത്. മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ അടച്ച മുറിയില്‍ കഴിയുന്ന അവരെല്ലാം രോഗികളല്ല. നിര്‍ഭാഗ്യവശാല്‍ രോഗ വ്യാപനത്തിന് ഞങ്ങള്‍ കാരണക്കാരാകരുതെന്ന് കരുതിയാണവര്‍ അത്തരം നിലപാടിലേക്ക് മാറിയത്. ആയിരക്കണക്കിന് ആളുകള്‍ അങ്ങനെ കഴിയുന്നുണ്ട്. അവരെല്ലാം നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്, ദുസ്സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി വിഹരിച്ചാല്‍ എന്താവും സ്ഥിതി? ഈ രോഗകാലത്ത് അവര്‍ ഒറ്റമുറിയില്‍ ഉള്ള സൗകര്യത്തില്‍ ഒതുങ്ങിക്കൂടി കഴിയുന്നതല്ലേ വലിയ പുണ്യം? അതിനെയല്ലേ മഹനീയമായി കാണേണ്ടത്. അതിനെയല്ലേ നല്ല വാക്കുകള്‍ കൊണ്ട് പ്രശംസിക്കേണ്ടത്? അല്ലാതെ, സിപിഎം മുഖപത്രമായ ദേശാഭിമാനി ചെയ്യുന്നതു പോലെ ക്വാറന്റൈനില്‍ കഴിയുന്നത് ബിജെപി ക്കാരനാണെങ്കില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് മാധ്യമ പ്രവര്‍ത്തനമാകുമോ? ആരെങ്കിലും നല്ലതു ചെയ്താല്‍ അതിനെയും ആക്ഷേപിക്കുന്നതിനെ നെറികെട്ട, പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം എന്നല്ലേ പറയേണ്ടത്. കൊറോണക്കാലത്തും ദേശാഭിമാനി സ്വഭാവം മാറ്റുന്നില്ല. പിതൃശൂന്യത തുടരുന്നു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കുന്നത് ആര്‍എസ്എസ് പ്രവര്ത്തകനാണെങ്കില് ആര്‍എസ്എസ് ഗുണ്ട കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ചു എന്നെഴുതുന്നതാണ് അവരുടെ മാധ്യമ പാരമ്പര്യം.
തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ ബാധയുണ്ടായത് വിദേശയാത്രയില്‍ നിന്നാണ്. യാത്ര പോയി വന്നശേഷം അദ്ദേഹം ആശുപത്രിയില്‍ ജോലിക്കെത്തി. അക്കാര്യത്തില്‍ ശ്രീചിത്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 14ന് കേന്ദ്രമന്ത്രി വി.മുരളീധരന് യോഗത്തില്‍ പങ്കെടുക്കാനായി അവിടെയെത്തി. അതാണ് വിവാദമായത്. കൊറോണാ രോഗിക്കൊപ്പം മന്ത്രി യോഗത്തില്‍ പങ്കെടുത്തു എന്നു വാര്‍ത്തകള്‍ വന്നു.
രോഗിയായ ഡോക്ടറോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ യോഗത്തിനില്ലായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വി.മുരളീധരന് മികച്ച മാതൃകയായി. സ്വയം ക്വാറന്റൈന് സ്വീകരിച്ചു. ദല്‍ഹിയിലെ വസതിയില്‍ ഒറ്റമുറി വാസം തുടങ്ങി. 14 ദിവസം നിരീക്ഷണത്തിലേക്കും മാറി. മുരളീധരനൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് വി.വി. രാജേഷും സെക്രട്ടറി സനോദും അതേ വഴി സ്വീകരിച്ചു. ആ മികച്ച മാതൃക രാജ്യം മുഴുവന്‍ അംഗീകരിച്ചപ്പോള്‍ ദേശാഭിമാനി ആക്ഷേപിക്കുകയാണുണ്ടായത്.
ഒന്നാം പേജില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചായിരുന്നു ആക്ഷേപം. മുരളീധരന് ഗോമൂത്രവും ചാണകവും കഴിക്കാന്‍ നേരമായെന്നായിരുന്നു പോക്കറ്റ് കാര്‍ട്ടൂണിലൂടെ ദേശാഭിമാനി പറഞ്ഞത്. മൂക്കൊലിപ്പും കഴലിക്ക് വേദനയും വന്നാലുടന്‍ ചികിത്സിക്കാന്‍ ജനങ്ങളുടെ ചെലവില്‍ അമേരിക്കയ്ക്ക് പറക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളുമുള്ള സിപിഎമ്മിന്റെ പത്രത്തിന് നല്ല മാതൃകകള്‍ കാണാന്‍ കണ്ണില്ല. പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കാന് ജനങ്ങള്‍ ഇല്ലായ്മയില്‍ നിന്ന് കണ്ടെത്തി നല്കിയ പണം വെട്ടിച്ച് പുട്ടടിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയുടെ പത്രത്തിനെങ്ങനെ നന്മയുടെ തണല്‍ തിരിച്ചറിയാനാകും?
ലോകം മുഴുവന്‍ ഒരു മഹാമാരിയെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഈ പ്രതിസന്ധിയെ നമ്മള് അതിജീവിക്കുമെന്ന് വീമ്പിളക്കിയിട്ടോ പത്ര സമ്മേളനം നടത്തി പറഞ്ഞിട്ടോ കാര്യമില്ല. ജനങ്ങളെ ഭയരഹിതരായി, ഒറ്റക്കെട്ടായി നിര്‍ത്താനുള്ള ബാധ്യത കൂടി സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കുമുണ്ട്. എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന നയം രാജ്യത്തിന് അപമാനമാണ്. പ്രതിസന്ധിയുടെ ഇക്കാലത്തെങ്കിലും നന്മയെ പുച്ഛിക്കാതിരിക്കുക. നല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ മാതൃകകള്‍ ധാരാളമുള്ള ഇക്കാലത്ത് അപമാനമാകരുത് ദേശാഭിമാനി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: