കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്ക്കുകള്‍ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാന്‍ ഏവര്‍ക്കും എളുപ്പത്തില്‍ തയാറാക്കാവുന്ന മാസ്ക്കുമായി കോഴിക്കോട്ടെ നിവേദിത ഫാഷന്‍ ഡിസൈനിങ് ആര്‍ട്ട് കേന്ദ്രം. നിവേദിത ഡയറക്ടര്‍ പി. ഹരീഷ്കുമാറാണ് വീട്ടില്‍ വച്ചും വേഗത്തിലും തയാറാക്കാവുന്ന മാസ്ക്കിന്റെ മാതൃക അവതരിപ്പിച്ചത്. തയ്യല്‍ മെഷീന്റെ ആവശ്യമില്ലാത്തതിനാല്‍ കുട്ടികള്‍ക്കുവരെ ഈ മാസ്ക് എളുപ്പത്തില്‍ തയാറാക്കാം.
മാസ്ക് വ്യാപകമായി ആവശ്യമുള്ളതിനാലാണ് തയ്യല്‍ മെഷിന് വേണ്ടാത്ത രീതി പരീക്ഷിച്ചതെന്ന് പി. ഹരീഷ്കുമാര്‍ പറഞ്ഞു. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് പത്തെണ്ണം വരെ തയാറാക്കാവുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് 16 ഇഞ്ച് നീളത്തിലും 7.5 വീതിയിലും ഒരു കഷ്ണം മുറിച്ചെടുക്കുക. തുടര്‍ന്ന് അതിന്റെ നടുഭാഗം മടക്കുക. മടക്കുവരാത്ത ഭാഗത്ത് മുകളിലും താഴെയുമായി അര ഇഞ്ച് വീതിയില്‍ ഒരിഞ്ച് നീളത്തില്‍ മുറിക്കുക. നടുഭാഗത്തും ഇതേപോലെ മുറിക്കുക. ബാക്കി വരുന്ന ഭാഗം മുറിച്ചു കളയുക. തുണിയുടെ നടു വീണ്ടും മടക്കുക. തുണിയുടെ അവസാന ഭാഗങ്ങള്‍ മൂന്ന് ഭാഗവും തമ്മില്‍ കൂട്ടിക്കെട്ടുക. പതിനാറ് ഇഞ്ച് നീളത്തില്‍ കയറെടുത്ത് കുടുക്ക് ഇട്ട് കെട്ടുക. ഇങ്ങനെ രണ്ടു ഭാഗത്തും കുരുക്ക് ഇട്ട് കെട്ടിക്കഴിഞ്ഞാല്‍ മാസ്ക്ക് ആയി. വേഗത്തില്‍ മാസ്ക്ക് തയാറാക്കുന്നതെങ്ങനെയെന്ന് ക്ലാസ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പി. ഹരീഷ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: