തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ, പുറത്തുവന്ന റൂട്ട് മാപ്പ് അവ്യക്തം. ഈ മാസം രണ്ടിന് വെളുപ്പിന് 1.30നാണ് സ്പെയിനില്‍നിന്നും ഡോക്ടര്‍ തലസ്ഥാനത്തെത്തിയത്. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 11 നാണ് ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാകുന്നത്. എന്നാല്‍ മാര്‍ച്ച് രണ്ട് മുതല്‍ പത്തു വരെ എട്ടിടങ്ങളില്‍ പോയത് മാത്രമാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിലുള്ളത്. ഇത് ഭൂരിഭാഗവും ഹോട്ടലുകളാണ്. ഈ ദിവസങ്ങളില്‍ ശ്രീചിത്ര ആശുപത്രിയില്‍ എത്തിയതിന്റെ വിവരങ്ങള്‍ റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഈ റൂട്ട് മാപ്പ് പുറത്തിറക്കിയത്. രോഗം സ്ഥിരീകരിച്ച് നാലു ദിവസമായിട്ടും വ്യക്തമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാത്തത് പരോക്ഷ സമ്പര്ക്കത്തിലാവരെ കണ്ടെത്തുന്നത് കൂടുതല്‍ ശ്രമകരമാക്കും. ശ്രീചിത്ര ആശുപത്രി അധിക്യതര്‍ ക്യത്യമായ വിവരങ്ങള്‍ കൈമാറാത്തതാണ് വിശദമായ റൂട്ട് മാപ്പ് വൈകുന്നതെന്നാണ് സൂചന.
ഡോക്ടറുമായി സമ്പര്‍ക്കത്തിലായ 126 പേരെയാണ് ഇതുവരെ നിരീക്ഷണത്തിലാക്കിയത്. 43 പേര് ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരാണ്. അതേസമയം ചൊവ്വാഴ്ച രാത്രി ശ്രീചിത്രയിലെ ഒരു രോഗിയ്ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
കൊറോണ വൈറസിന്റെ പ്രാഥമിക പരിശോധനയില്‍, നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഫലം പോസിറ്റീവ് അല്ല. എന്നാല്‍ വിശദമായ ഫലത്തിനായി കാത്തിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നലെ ആഭ്യന്തര പരിശോധന നടന്നുവെന്നും ആശുപത്രി അധിക്യതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: