തിരുവനന്തപുരം: കൊറോണയുടെ കാര്യത്തില്‍ സ്ഥിതി കൈവിട്ടിട്ടില്ലെങ്കിലും സാഹചര്യം ഏത് നിമിഷത്തിലും നിയന്ത്രണാതീതമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഒറ്റപ്പെട്ട ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിരീക്ഷണത്തിലുള്ളവരുടെ (25,603 പേര്) എണ്ണം കാല് ലക്ഷം കഴിഞ്ഞു. 25,366 പേര് വീടുകളിലും 237 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 57 പേരെ ഇന്നലെ ആശുപത്രികളിലേക്ക് മാറ്റി. 7861 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. 2550 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2140 എണ്ണം നെഗറ്റീവ് ആണ്.
ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വന്നാല്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെട്ടിടങ്ങള്‍ എന്നിവ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തി സജ്ജമാക്കും. സ്വകാര്യ ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ പത്ത് പേരില്‍ ഒതുക്കണം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്നവര്‍ അത് ഒഴിവാക്കണം. പ്രാദേശിക തലത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് വിക്ടേഴ്സ് ചാനലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വീടുകളിലേക്ക് എത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങല്‍ പ്രയോജനപ്പെടുത്തണം. കടകളിലെ പിഒഎസ് മെഷീന്, എടിഎമ്മുകള്‍ എന്നിവിടങ്ങളില്‍ സാനിറ്റസറുകള്‍ സ്ഥാപിക്കണം. സാധാരണ പനിയുമായി എത്തുന്നവരെ സ്വകാര്യ ആശുപത്രികളില്‍ നിന്നും തിരിച്ചയയ്ക്കുന്നത് ഒഴിവാക്കണം. ഇതിന് ഐഎംഎയുടെ സഹായം തേടും. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ലൈബ്രറികള്‍, പ്രസാധകര് എന്നിവരുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ എത്തിക്കും. ബാറുകളിലെ ആള്‍ക്കൂട്ടവും രോഗവ്യാപനവും തടയാനുള്ള ക്രമീകരണങ്ങള്‍ എക്സൈസ് വിഭാഗം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: