ചെന്നൈ: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവരുന്ന ബിഗ്ബോസ് സീസണ്- 2 നിര്‍ത്തുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബിഗ്ബോസ് റിയാലിറ്റി ഷോ നിര്‍ത്തിവെയ്ക്കുമെന്ന് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടി ഇതുവരെ 70 എപ്പിസോഡുകള്‍ പിന്നിട്ടുണ്ട്. കുറച്ചുവിവാദങ്ങളും ഷോയുമായി ബന്ധപ്പെട്ട് തലപൊക്കിയിരുന്നു. അതിനിടയിലാണ് പരിപാടി നിര്‍ത്തുന്നതായി നിര്‍മാതാക്കള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച സംപ്രേഷണം ചെയ്യുന്നത് അവസാന എപ്പിസോഡ് ആകും.
എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍നല്‍കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം.
ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസ്സിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങളെ രസിപ്പിക്കാന്‍ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്‍ഡെമോള്‍ കുറിച്ചു.
ബിഗ്ബോസില്‍ നിന്നു പുറത്താക്കപ്പെട്ട ഡോ.രജിത് കുമാറിന്റെ ആരാധകര്‍ ബിഗ്ബോസ് നിര്‍ത്തുന്നതിനെ വന്‍ ആഹ്ലാദത്തോടെയാണു വരവേല്‍ക്കുന്നത്. ഷോയില്‍ നിന്നു പുറത്താക്കപ്പെട്ട രജിതിനു കോറോണ പ്രതിരോധം മറികടന്നു കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം ഒരുക്കിയതും വന്‍വിവാദമായിരുന്നു. സംഭവത്തില്‍ രജിത് കുമാര്‍ അടക്കം നിരവധി പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: