‘സത്യാനന്തര’ കാലത്തെ പ്രണയിതാക്കളാണ് ‘എടാ’ എന്ന പദത്തെ ഇത്ര സുന്ദരമാക്കിയത്. കണ്ണേ, കരളേ, പൊന്നേ, പ്രിയേ, പ്രണയപുഷ്പമേ എന്നിങ്ങനെയുള്ള സംബോധനകള്‍ അവരുടെ നിഘണ്ടുവിലില്ല. സംബോധനയ്ക്കായി ഈ പദങ്ങളിലേതെങ്കിലും ഇന്നത്തെ പ്രണയിതാവ് ഉപയോഗിച്ചാല്‍ ആ പ്രണയം ആ നിമിഷംതന്നെ തകരുമെന്നുറപ്പ്!
കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം ‘എടാ’ എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും ‘എടാ’ എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും ‘എടാ’യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന് പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ‘എടാ’യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.
പച്ചമലയാളമാണെങ്കിലും ‘എടാ’ വിളിയില്‍ പ്രേമം തുളുമ്പിനില്ക്കും. എന്തു പറയുമ്പോഴും ‘എടാ’ ചേര്‍ത്താലേ ഇന്നത്തെ കമിതാക്കള്‍ക്കു തൃപ്തിയാകൂ.
ഒന്നു നോക്കെടാ, പറയെടാ, നിക്കെടാ, എഴുതുമോടാ, വിളിക്കുമോടാ, വരുമോടാ, അതേടാ…
കൂടെ ‘എടാ’ ഇല്ലെങ്കില്‍ ഈ പദങ്ങളെല്ലാം എത്ര വിരസമാണ്.
”നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടാ ശഠാദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന് നിനക്കെടാ തോന്നുവാനെന്തടാ സംഗതി?”ഏതാണ്ടിതേ മട്ടിലാണ് ഇപ്പോള്‍ പ്രേമലേഖനങ്ങളിലും സല്ലാപങ്ങളിലും ‘എടാ’ ആവര്‍ത്തിക്കപ്പെടുന്നത്.
‘എടാ’യ്ക്ക് കിട്ടിയ ഉന്നതപദവിയെക്കുറിച്ചോര്‍ത്ത് ‘എടീ’ ദുഃഖിക്കുന്നുണ്ടാകും. സ്ത്രീകളും പാവം ‘എടീ’യെ പുറത്താക്കിയിരിക്കുന്നു. കൂട്ടുകാരികള്‍ അങ്ങോട്ടുമിങ്ങോട്ടും ‘എടാ’ എന്നാണിപ്പോള്‍ വിളിക്കുക. ഒരു സൗഹൃദസമുദ്രം മുഴുവന്‍ ‘എടാ’യില്‍ ഒതുക്കാന്‍ അവര്‍ക്കറിയാം. ‘ഞാന്‍ നാളെ ലീവാണെടാ’, ‘ആ സീലൊന്നെടുക്കുവോടാ’, ‘ഞാന്‍ ഫുഡ് കഴിച്ചില്ലെടാ’ എന്നൊക്കെ കൂട്ടുകാരികളായ ഉദ്യോഗസ്ഥകള്‍ ഓഫീസുകളില്‍ പരസ്പരം പറയുന്നതു കേള്‍ക്കാം. അങ്ങനെ ‘എടാ’യ്ക്കു സ്ത്രീലിംഗം ആവശ്യമില്ലാതായിരിക്കുന്നു!
പാരുഷ്യത്തിനു പകരം ‘എടാ’യ്ക്ക് മധുരം സമ്മാനിച്ചവരെ ഭാഷാസ്നേഹികള്‍ അഭിനന്ദിക്കാതിരിക്കില്ല. പ്രേമലേഖന സാഹിത്യത്തിലെ കണ്ണേ, കരളേ, പ്രിയേ, പ്രണയിനീ, പ്രാണപ്രിയേ, പ്രാണേശ്വരീ, ഇഷ്ടപ്രാണേശ്വരീ തുടങ്ങിയ പഴഞ്ചരക്കുകളെ ‘എടാ’ ഒറ്റയടിക്കു പുറത്താക്കിയില്ലേ?
‘എടീ’യ്ക്കു പകരം സ്ത്രീകളും ‘എടാ’ സ്വീകരിച്ചതുവഴി അവര്‍ ഭാഷയിലെ ആണധികാര പ്രവണതയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ചില സ്ത്രീപക്ഷ ഭാഷാഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ ഇതിലൂടെ ആണധികാരത്തിനു വഴങ്ങിയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.
ആണുങ്ങളെ ‘എടീ’ എന്നു വിളിച്ച് പ്രതീകാത്മകമായി ഇതിനെ നേരിടണമെന്ന് അവര്‍ പറയുന്നു.
ഈ ‘ഭാഷാപ്രശ്ന’ം കൊണ്ട് വിഷമിക്കുന്നവരാണ് റൗഡികളും തല്ലുകാരും. ‘എടാ’ വിളികൊണ്ട് ആരെയും പണ്ടേപ്പോലെ വിരട്ടാന്‍ കഴിയുന്നില്ലത്രേ. ഇവര്‍ക്കിടയിലെ ഭാഷാപണ്ഡിതര്‍ പുതിയ പദങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.
പിന്കുറിപ്പ്: ”ബിവറേജസില്‍ കൂടുതല്‍ കൗണ്ടറുകള്‍: മന്ത്രി”
ലക്ഷ്യം സമ്പൂര്‍ണ മദ്യസാക്ഷരത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: