കൊല്ലം: പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മൂന്നംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖൻ (32), തൃപ്പിലഴികം നെടുമ്പുറത്ത് തെക്കതിൽ വീട്ടിൽ മുഹമ്മദ് ഷെരീഫ് (23) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ. ജില്ലയിലെ കഞ്ചാവ് വിൽപ്പനയിലെ പ്രധാനികളുമാണ്. അടുത്തിടെ രണ്ട് കിലോ കഞ്ചാവുമായി കുണ്ടറയിൽ നാല് പേർ പിടിയിലായിരുന്നു. ഇതും വൈശാഖന്റെയും മുഹമ്മദിന്റെയും ടീമിലുള്ളവരാണ്. കഞ്ചാവ് കേസുകളിൽ നിരന്തരം പിടിക്കപ്പെടുന്നത് ഇവരുടെ നാട്ടുകാരനായ പോലീസുകാരൻ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നത് മൂലമാണെന്നാണ് സംഘം മനസിലാക്കിയത്. അതിനാൽ പൊലീസുകാരനെ കൊലപ്പെടുത്തണമെന്ന് സംഘം പദ്ധതി തയ്യാറാക്കി. വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനം. സംഘത്തിലെ മൂന്നാമനുമായി ഫോണിൽ ഇക്കാര്യം പറഞ്ഞത് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് മനസിലാക്കുകയായിരുന്നു.
ഏറെ നാളായി പ്രതികളുടെ ഫോൺ നിരീക്ഷണത്തിലായിരുന്നു. കൊലപാതകത്തിന് ഗൂഡാലോചന നടത്തിയ വിവരം അറിഞ്ഞതോടെയാണ് കുണ്ടറ പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. മൂന്നാമനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: