ബെംഗളൂരു: ഭാരതത്തിലെ ഏറ്റലു വലിയ കോഫി കമ്പനിയായ കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയെ തുടര്‍ന്ന് കമ്പനി നടത്തിയ അന്വഷണത്തില്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ നഷ്ടമായതായി കണ്ടെത്തി. ഏകദേശം രണ്ടായിരം കോടിയോളം രൂപയുടെ (270 മില്യന്‍ യു.എസ്. ഡോളര്‍) കുറവാണ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സിദ്ധാര്‍ഥയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്വകാര്യ കമ്പനികളുമായുള്ള ഇടപാടുകളും പരിശോധിച്ചു. കമ്പനി തയ്യാറാക്കിയ നൂറിലേറെ പേജുള്ള റിപ്പോര്‍ട്ടിലാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കോഫി ഡേ എന്റര്‍പ്രൈസസും സിദ്ധാര്‍ഥയുടെ മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു. സിദ്ധാര്‍ഥയുടെ വ്യക്തിപരവും ബിസിനസ് പരവുമായ നൂറുകണക്കിന് ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൊതുവല്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ടവരുടെ പേര് കമ്പനി വെളിപെടുത്തിയിട്ടില്ല.
അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, അന്തിമരൂപം നല്‍കിയിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡിനും കമ്പനിക്കും ഈ സമയത്ത് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ല. അതിനാല്‍ അന്വേഷണ കണ്ടെത്തലുകളെക്കുറിച്ച് ഊഹിക്കുന്നത് നല്ലതല്ലെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. സമ്പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കെ, ഇപ്പോഴത്തെ പല കണ്ടെത്തലുകളിലും മാറ്റം വന്നേക്കാമെന്ന് വിഷയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ വി.ജി. സിദ്ധാര്‍ഥ ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: