ആലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍, ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് പരാതി.
ഫെബ്രുവരി 28നാണ് ഉത്തരവ് ഇറങ്ങിയത്. രണ്ടാഴ്ചയായിട്ടും നടപടികള്‍ പൂര്‍ത്തീകരിക്കുവാനോ യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ളം വിതരണം ചെയ്യാനോ സാധിച്ചിട്ടില്ല. സര്‍ക്കാരാകട്ടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുമില്ല. കൊറോണ ഭീതി കൂടിയായതോടെ സര്‍ക്കാരിന്റെയും, ജില്ലാ ഭരണകൂടങ്ങളുടെയും ശ്രദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളിലായി. മാര്‍ച്ച് 31 വരെ അഞ്ചര ലക്ഷം രൂപയും ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയുമാണ് ഓരോ ഗ്രാമപഞ്ചായത്തിനും അനുവദിച്ചത്.
ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പുവരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ ചെലവ് തുക വിനിയോഗിക്കണം.
തദ്ദേശ വകുപ്പിന്റെ ജില്ലാതല മേധാവികള്‍ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിബന്ധനകള്‍ സ്വയംഭരണ വകുപ്പ് മേധാവികള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൊറോണ സംസ്ഥാനത്തും വ്യാപകമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുഴുവന്‍ ശ്രദ്ധ അതിലേക്കായി. അതിനാല്‍, സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന പരിശോധനയും നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: