കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം മറികടന്ന് ഏഷ്യാനെറ്റ് ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രജിത് കുമാറിന് സ്വീകരണം നല്കിയ ഫാന്‍സിനെതിരെ നടപടിയുമായി എറണാകുളം ജില്ലാ കളക്ടര്‍. വിമാനത്താവള പരിസരത്തു നടത്തിയ പ്രകടനത്തിനെതിരെയാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്കുമ്പോള് ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഗം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്പില് കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും, കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്പില് അവമതിപ്പുണ്ടാക്കാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: