തൃശൂര്‍: മൂന്നാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയ സംഘത്തിലെ, കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ചെറുതുരുത്തിയിലും അതിരപ്പിളളിയിലും സന്ദര്‍ശനം നടത്തിയതായി ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. 8, 9, 10 തീയതികളില്‍ ഇയാള്‍ ചെറുതുരുത്തിയില്‍ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെറുതുരുത്തിയില്‍ ഇയാള്‍ ഭക്ഷണം കഴിച്ച ഹോട്ടല്‍ അടപ്പിച്ചു.
8ന് വൈകുന്നേരം നാലരയോടെയാണ് സ്വകാര്യ ടൂര്‍ കമ്പനിയുടെ വാഹനത്തില്‍ 19 വിദേശികളുമായി ഡ്രൈവര്‍, ഹെല്‍പ്പര്‍, ഗൈഡ് എന്നിവരുള്‍പ്പെട്ട 22 അംഗ സംഘം ഹോട്ടല്‍ റിവര്‍ ട്രീറ്റില്‍ മുറിയെടുത്തത്. അന്നു രാത്രി അവിടെ തങ്ങിയ ഇവര്‍ പിറ്റേന്ന് രാവിലെ അവിടുത്തെ റസ്റ്റോറന്റില്‍ നിന്ന് നിന്ന് ഭക്ഷണം കഴിച്ച ശേഷം പത്തു മണിയോടെ കലാമണ്ഡലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കലാ തരംഗിണിയിലും എത്തി. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചു. തിരിച്ച് പോരുന്നതിനിടയില് സംഘത്തിലുള്ളവര്‍ ചെറുതുരുത്തിയിലെ കടകളില്‍ കയറിയതായും ഭക്ഷണശേഷം വൈകുന്നേരത്തോടെ ഇവര്‍ കാഴ്ചകള്‍ കാണാനായി പുറത്തു പോയതായും ടൂര്‍ ഗൈഡ് പറഞ്ഞു.
10ന് രാവിലെ എട്ടിനാണ് സംഘം മൂന്നാറിലേക്ക് തിരിച്ച് യാത്രയായത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടങ്ങളിലെത്തി സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിക്കുകയും ജീവനക്കാരോട് 14 ദിവസം നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയംപരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: