ബെംഗളൂരു: ആശംസകള്‍ കൈമാറുമ്പോള്‍ കൈകൊടുക്കുന്നത് ഒഴിവാക്കി പകരം നമസ്തെ പറയണമെന്ന് കര്‍ണാടക റീജ്യന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെആര്‍സിബിസി). കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് കെആര്‍സിബിസി പ്രസിഡന്റും ബെംഗളൂരു ആര്‍ച്ച് ബിഷപ്പുമായ റവ. പീറ്റര്‍ മെക്കാഡോ പള്ളികളില്‍ നല്കിയ 12 നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
ആശംസകള്‍ കൈമാറുമ്പോള്‍ കൈകൊടുക്കുന്നതിനു പകരം നമസ്തെ ശീലമാക്കണം. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി ആരാധനയ്ക്കിടെ പരസ്പരം ആലിംഗനം ചെയ്യുന്നതിനു പകരം നമസ്കാരം പറയാന്‍ സഭാവിശ്വാസികള്‍ക്ക് പള്ളിവികാരികള്‍ ഉപദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഞായറാഴ്ചകളിലെയും വിശുദ്ധ ആഴ്ചയിലെയും കര്‍മങ്ങള്‍ ഒഴിവാക്കാനാവില്ല. അതേസമയം, സുഖമില്ലാത്തവരും ജലദോഷം, ചുമ എന്നിവ ഉള്ളവരും വീട്ടില്‍ തുടരണം. ഇത്തരക്കാര്‍ പള്ളിയിലെത്തുന്നത് ഒഴിവാക്കണം. വിശുദ്ധ ജലപാത്രം കൃത്യമായ ഇടവേളകളില്‍ ജലം നീക്കി ശുദ്ധീകരിക്കണം. കൊറോണ വൈറസ് വ്യാപന ഭീഷണി ഇല്ലാതാകുന്നതുവരെ കൈമുത്തവും കുരിശുമുത്തവും ഒഴിവാക്കണം. പള്ളികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തണമെന്നും സര്‍ക്കുലറിലുണ്ട്.
മാര്‍ച്ച് 31വരെ ഇടവകകളില്‍ വലിയ ആരാധന നടക്കില്ലെന്ന് കേരളം ആസ്ഥാനമായുള്ള മര്‍ത്തോമ്മ ചര്‍ച്ച് അറിയിച്ചു. പ്രിംറോസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. ചാര്‍ലി ജോണ്‍സിന്റെ സന്ദേശത്തില്‍ എല്ലാ സമ്മേളനങ്ങളും റദ്ദാക്കിയതായും വീടുകളില്‍ നിശ്ചയിച്ചിരിക്കുന്ന നോമ്പുകാല പ്രാര്‍ത്ഥനയും ഗായകപരിശീലനങ്ങളും സണ്‍ഡേ സ്കൂള്‍ ക്ലാസുകളും മാര്‍ച്ച് 31 വരെ റദ്ദാക്കിയതായും അറിയിപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: