അഹമ്മദാബാദ് : മധ്യപ്രദേശിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസ്സിലും തിരിച്ചടി. സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു. പ്രദ്യുമന് ജഡേജ, സോമാഭി പട്ടേല്‍, മംഗള്‍ ഗാവിത്, ജെ.വി കാകദിയ എന്നിവരാണ് പാര്‍ട്ടിവിട്ടത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഈ എംഎല്‍എമാര്‍ രാജിവെച്ചൊഴിഞ്ഞിരിക്കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ഒഴിയുകയും ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 20ല്‍ താഴെയായി ചുരുങ്ങിയിട്ടുണ്ട്.
അതിനു പിന്നാലെയാണ് ഗുജറാത്തിലും എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടത്. മറ്റ് എംഎല്‍എമാര്‍ കൂടി പാര്ട്ടിവിടാതിരിക്കാന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 182 അസംബ്ലി സീറ്റുകളാണ് ഉള്ളത്. ഇതില്‍ 103 എണ്ണം ബിജെപിക്കും 73 എണ്ണം കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കുമാണ്. രാജ്യസഭാ സീറ്റ് ലഭിക്കണമെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥി 37 വോട്ടെങ്കിലും നേടേണ്ടതുണ്ട്. അതിനാല്‍ രാജ്യസഭയിലേക്ക് ഒരുസ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മാത്രമേ നിലവിലെ അംഗബലം കൊണ്ട് കൊണ്ഗ്രസ്സിന് സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: