കൊച്ചി: സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പെരുമ്പാവൂരിലെ ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്സൈസ് സിഐ സജി കുമാര്‍, റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു. ആര്. ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന് എന്നിവര്‍ക്കാണ് സസ്പെന്ഷന്.
പെരുമ്പാവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഏരിയയില്‍ 18 ബാര്‍ ഹോട്ടലുകളാണുള്ളത്. പ്രതിമാസം 60,000 രൂപ വച്ച് 13 ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങുന്നതായി ബാറുടമകള്‍ ജനുവരിയില്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിജിലന്‍സ് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ ഈ തുക മുഴുവന്‍ ബാറുടമകള്‍ക്ക് തിരികെ നല്കി.
കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ മദ്യ സ്റ്റോക്കുകള്‍ പിടിച്ചുവച്ച്, ക്ലിയറന്‍സ് നല്‍കുന്നതിന് മനപ്പൂര്‍വം കാലതാമസം വരുത്തുന്നെന്നാണ് ബാറുടമകള്‍ നല്കിയ പരാതി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍ കുമാറിന്റെ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപിഎന്നിവര് പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ അസോസിയേഷന് സമ്മേളനം നടന്നപ്പോഴാണ് പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായി ചില ബാര്‍ ഉടമകള്‍ പറഞ്ഞത്. തുടര്‍ന്ന് പെരുമ്പാവൂരിലെ ബാര്‍ ഉടമകളുടെ യോഗം അസോസിയേഷന് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു മാസപ്പടി നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു.
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പരാതിയും നല്കി. ആ പരാതിയിലാണ് എക്സൈസ് വിജിലന്‍സ് എസ്പിയുടെ അന്വേഷണം തുടങ്ങിയത്. തുടര്‍ന്നു മൂന്ന് മാസം മാസപ്പടി വാങ്ങാതിരുന്നു. സിപിഎം ഏരിയ നേതാവും ജില്ലാ നേതാവും ഇടനില നിന്നാണ് വീണ്ടും ബാര്‍ ഉടമകളെ സമീപിച്ചത്. മൂന്നു മാസത്തെ കുടിശിക അടക്കം വാങ്ങി. ഇക്കാര്യമറിഞ്ഞ അസോസിയേഷന് നേതൃത്വമാണു മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ മാസപ്പടി മടക്കി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: