പയ്യാവൂര്‍: കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകവുമായി പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍. ലോകത്താകമാനം കൊറോണ വൈറസ് ഭീഷണി നിലനില്ക്കുകയും ഈ വൈറസ് ബാധ മൂലം ഇന്ത്യയില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുസ്തകം പുറത്തിറക്കിയത്.
കൊറോണ വൈറസിനെക്കുറിച്ചും രോഗബാധ തടയാന്‍ സീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും പൊതുസമൂഹത്തിന് അവബോധം നല്‍കുന്നതിന് ഡിജിറ്റല്‍ കൈപ്പുസ്തകമാണ് ലിറ്റില്‍ കൈറ്റ് യൂണിറ്റിലെ അംഗങ്ങള്‍ തയ്യാറാക്കിയത്. ആധികാരിക സ്രോതസ്സുകളില്‍ നിന്നും ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ച് പുസ്തക രൂപത്തില്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിന് കൈറ്റ് മാസ്റ്റര്‍ ലിബിന് കെ. കുര്യന്, കൈറ്റ് മിസ്ട്രസ് സിസ്റ്റര്‍ സിജതോമസ് എന്നിവര്‍ നേതൃത്വം നല്കി. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്തകം 10 പേജ് ദൈര്‍ഘ്യം വരുന്നതാണ്.
സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് പി.എം. ബെന്നി ഡിജിറ്റല്‍ കൈപ്പുസ്തകം പ്രകാശനം ചെയ്തു. സ്കൂളിന്റെ ഫേസ്ബുക്ക് പേജായ facebook.com/shhs.payyavoorല്‍ ഈ കൈപ്പുസ്തകം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: