തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന ഇറ്റലിയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യസംഘമെത്തി. റോമില്‍ കുടുങ്ങിയ 21 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവരെ നിരീക്ഷണത്തിനായി ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ചിരുന്നു. കൊറോണ പോസിറ്റീവ് അല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് കൂട്ടിയത്. ദുബായ് വഴിയായിരുന്നു ഇവരുടെ യാത്ര. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്കാന് സാധിക്കാത്തതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല.
സാക്ഷ്യപത്രം നല്കിയാല് മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇറ്റലിയില്‍ ഇത്തരത്തിലൊരു സാക്ഷ്യപത്രം നല്‍കിയിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ഡോക്ടർമാരുടെ ഒരു സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കുകയായിരുന്നു.
ഇറ്റലിയിൽ കുടുങ്ങിയ മറ്റുള്ളവരെ കൊണ്ടുവരാൻ എയർ ഇന്ത്യയുടെ രക്ഷാ വിമാനം ഇന്ന് മിലാനിലെത്തും. കഴിഞ്ഞ ദിവസം ഇറാനിൽ നിന്നും 44 പേർ കൂടി തിരികെ എത്തിയിരുന്നു. ഇന്ന് ഒരു വിമാനം കൂടി ഇറാനിലേക്ക് പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: