തിരുവനന്തപുരം: കൊറോണ സംബന്ധിച്ച് സര്‍ക്കാരിന്റെ വീഴ്ച വിവാദമായി. ഇത് നിയമസഭയിലും പ്രതിഫലിച്ചു. വൈറസ് വ്യാപനത്തെ കുറിച്ചുള്ള അടിയന്തര പ്രമേയചര്‍ച്ചയില്‍ ഇത് വാക്പോരിന് ഇടയാക്കി.
കൊറോണ വീണ്ടും വ്യാപിച്ചതിന് കാരണം സര്‍ക്കാര്‍ അനാസ്ഥയാണെന്നാണ് സൂചന. ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയതിനാലാണ് ഇറ്റലിയില്‍ നിന്നുള്ളവരെ തിരിച്ചറിയാന്‍ കഴിയാതെ പോയത്.
ഇക്കാര്യം ഇന്നലെ പ്രതിപക്ഷം സഭയിലും ചൂണ്ടിക്കാട്ടി ഡോ. എം.കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ ശൂന്യവേളയില്‍ തന്നെ ചര്‍ച്ച ആരംഭിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എപിഡമിക് ആണ് നടക്കുന്നത്. ജനങ്ങളെ സര്‍ക്കാരും ഭയപ്പെടുത്തുന്നു. നെടുമ്പാശ്ശേരിയില്‍ എത്തുന്നവരെ ഒരു റൂമിലാക്കിയിട്ട് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും നല്‍കുന്നില്ല. ഇതിനിടെ ഇറ്റലിയില്‍ നിന്നുള്ള കപ്പലില്‍ 350 പേരോളം കൊച്ചിയില്‍ എത്തി ഷോപ്പിങ് കഴിഞ്ഞാണ് മടങ്ങിയത്. വിദഗ്ദ്ധരെ ആശുപത്രികളില്‍ നിയോഗിക്കുന്നില്ല. പ്രതിപക്ഷം ആരോപിച്ചു.
തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച യുവാവ് മെഡിക്കല്‍ കോളേജില്‍ എത്തി സ്വമേധയാ വിവരം നല്‍കിയിട്ടും കൃത്യമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ലെന്ന് കെ. ശബരീനാഥന് പറഞ്ഞു.
അയാള്‍ക്ക് വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് അനുവദിച്ചില്ല. വീട്ടിലെത്തി രോഗലക്ഷണം ഉണ്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കുമ്പോഴാണ് ഡിഎംഒ അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും ശബരീനാഥന് പറഞ്ഞു.
പത്തനംതിട്ടയില്‍ രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പിലടക്കം ഗുരുതര പിഴവുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാവരെയും അറിയിച്ച് യോഗം ചേരാന്‍ കല്യാണത്തിന് വിളിക്കുകയല്ലെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ പറഞ്ഞതോടെ സഭയില്‍ ബഹളമായി. സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടെന്ന് ഭരണപക്ഷത്തിലെ അംഗങ്ങളും ചൂണ്ടിക്കാട്ടി.
സൗജന്യ റേഷന്‍ അനുവദിക്കുക, എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകള്‍ കൂടി ഒഴിവാക്കുക, അത്യാവശ്യ ഇടങ്ങളില്‍ മാസ്കുകള്‍ നല്‍കുക തുടങ്ങിയവ ചെയ്യുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
കുറവ് അന്വേഷിച്ച് കണ്ട് പിടിച്ച് ആക്രമിക്കുന്നത് ഈ സമയത്ത് ശരിയല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. ചര്‍ച്ചയ്ക്കൊടുവില്‍ പ്രമേയം പ്രതിപക്ഷം
പിന്‍വലിച്ചു.
ചര്‍ച്ച നടന്നു എന്നല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ചര്‍ച്ചകളൊന്നും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ കഴിഞ്ഞതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: