ഈ അടിസ്ഥാനനിലപാടില്‍ നിന്നുകൊണ്ട് യോഗവാസിഷ്ഠകാരന്‍ സൃഷ്ടിപ്രക്രിയ, കര്‍മ്മം, മനസ്സ്, വാസനാ, ജീവന്, ചിത്തം, ബുദ്ധി, മായാ, കര്‍തൃത്വം, ഭോക്താവ്, സ്പന്ദശക്തി, പൗരുഷം (free will), പ്രാണസംയമനം, കുണ്ഡലിനീശക്തി (പുര്യഷ്ടകാപരാഖ്യസ്യ മനസോ ജീവനാത്മികാം വിദ്ധി കുണ്ഡലിനീമന്തരാമോദസ്യേവ മഞ്ജരീം), യോഗഭൂമികകള്, സദാചാരം തുടങ്ങിയ ഈ സിദ്ധാന്തത്തിലെ സാങ്കേതികകല്പനകളെ തുടര്‍ന്ന് വിശദമാക്കുന്നുണ്ട്. ഇതിലെ പൗരുഷകല്പന ശ്രദ്ധേയമാണ്. എത്ര കൊടിയ കര്‍മ്മഫലത്തെയും ഇച്ഛാശക്തിയാല്‍ മാറ്റാന്‍ കഴിയും എന്ന് യോഗവാസിഷ്ഠം ഉറപ്പു തരുന്നു. ഈ സിദ്ധാന്തത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത അതിലെ ജീവന്മുക്തി എന്ന ആശയമാണ്. ശങ്കരാചാര്യരും ജീവന്മുക്തി എന്ന ജീവാവസ്ഥ സാധ്യമാണ് എന്നു പറയുന്നുണ്ട്. ഭഗവദ്ഗീതയിലെ സ്ഥിതപ്രജ്ഞസങ്കല്പ്പവുമായി അതിനു സാമ്യമുണ്ട്. ആര്ഹതപദം നേടിയവരും സ്വദേഹം വെടിയാതെ കര്മ്മഫലാന്ത്യം വരെ തുടരുമെന്നു ബൗദ്ധമാര്‍ഗികള്‍ പറയുന്നുണ്ട്. എന്നാല്‍ ന്യായം, വൈശേഷികം, പ്രാഭാകരമീമാംസകര്‍ എന്നിവര്‍ ജീവന്മുക്തിയെ അംഗീകരിക്കുന്നില്ല. സാംഖ്യവും യോഗവും ഒരു മധ്യമവിവേകാവസ്ഥയെ പറയുന്നുണ്ട്. വിദ്യാരണ്യസ്വാമികള്‍ ജീവന്മുക്തിവിവേകം എന്ന ഒരു കൃതി രചിച്ചിട്ടുണ്ട് യോഗവാസിഷ്ഠവും ശാങ്കരവേദാന്തവുംബൗദ്ധവിജ്ഞാനവാദവും ചേര്‍ത്ത് ഒരു താരതമ്യപഠനം ദാസ്ഗുപ്ത നടത്തുന്നുണ്ട്. കഥകളും ഉപമകളും ഉപയോഗിച്ചുള്ള വിഷയപ്രതിപാദനരീതി ആകര്‍ഷകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: