തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സ്കൂള്‍ ഓഫ് ബിസിനസ് എഎസിഎസ്ബി ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന് സ്വന്തമാക്കി. ബിസിനസ് സ്കൂളുകള്‍ക്കായുള്ള ഏറ്റവും പഴക്കമുള്ളതും ലോകമെങ്ങുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബിസിനസ് രംഗത്തുള്ളവര്ക്കുമായുള്ള ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ ശൃംഖലയാണ് എഎസിഎസ്ബി.
അന്താരാഷ്ട്ര രംഗത്ത് അമൃത സ്കൂള്‍ ഓഫ് ബിസിനസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമാണ് എഎസിഎസ്ബി അക്രഡിറ്റേഷനെന്ന് അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് സാമൂഹികപ്രതിബദ്ധതയും ഗവേഷണവും അനുകമ്പയും ഒത്തുചേര്‍ന്ന സവിശേഷമായ ദൗത്യമാണ് ഈ ബിസിനസ് സ്കൂളിനുള്ളത്. എഎസിഎസ്ബി പീയര്റിവ്യൂ സംഘത്തിനും മെന്റര്‍മാര്‍ക്കും അമൃതാനന്ദമയി ദേവി നന്ദി പറഞ്ഞു.
ലോകത്തിലെതന്നെ അഞ്ചു ശതമാനത്തില്‍ കുറവ് ബിസിനസ് സ്കൂളുകള്‍ക്കു മാത്രം ലഭിക്കുന്ന ബഹുമതി ഏറെ താഴ്മയോടെ സ്വീകരിക്കുന്നുവെന്ന് അമൃത വിശ്വവിദ്യാപീഠം ഗ്ലോബല്‍ റാങ്കിംഗ്സ് ആന്‍ഡ് അക്രഡിറ്റേഷന് ഡയറക്ടര്‍ ഡോ. രഘു രാമന് പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ഗുണമേന്മയ്ക്കുള്ള അംഗീകാരമാണ് എഎസിഎസ്ബി അക്രഡിറ്റേഷന്. ബിസിനസ് എജ്യൂക്കേഷന്‍ രംഗത്ത് പുതിയ വഴികള്‍ തുറക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ധ്യാപനം, ഗവേഷണം, കരിക്കുലം വികസനം, വിദ്യാര്‍ത്ഥികളുടെ പഠനം എന്നിങ്ങനെ എല്ലാ രംഗത്തും മികവ് നേടിയവര്‍ക്കാണ് എഎസിഎസ്ബി അക്രഡിറ്റേഷന് ലഭിക്കുന്നതെന്ന് എഎസിഎസ്ബി ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് അക്രഡിറ്റേഷന് ഓഫീസറുമായ എം. ബ്രയന്റ് പറഞ്ഞു. അക്രഡിറ്റേഷന് നേടിയ അമൃത വിശ്വവിദ്യാപീഠത്തെയും അമൃത സ്കൂള്‍ ഓഫ് ബിസിനസിലെ അഡ്മിനിസ്ട്രേഷന്, ഫാക്കല്‍റ്റി, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയും അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
ലോകമെങ്ങുമുള്ള വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണമേന്മ അളക്കുന്നതിന് 15 അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് എഎസിഎസ്ബി അളക്കുന്നത്. ഈ രംഗങ്ങളില്‍ തുടര്‍ച്ചയായ മികവ് നേടുന്നുണ്ടോയെന്നും അവരുടെ ദൗത്യങ്ങളിലും കണ്ടുപിടുത്തങ്ങളിലും മുന്നോട്ടുള്ള കുതിപ്പിലും നേട്ടങ്ങള്‍ ഉണ്ടോയെന്നും തുടര്‍ച്ചയായി വിലയിരുത്തും. ബിസിനസ് എജ്യൂക്കേഷന്‍ കമ്യൂണിറ്റിയില്നിന്നുള്ളവര് ഇക്കാര്യങ്ങളില്‍ തുടര്‍ച്ചയായ അവലോകനങ്ങള്‍ നടത്തും. മികച്ച നിലവാരമുള്ളതും ഭാവിയിലെ ബിസിനസ് വിദ്യാഭ്യാസത്തിന് അനുയോജ്യമായതുമായ വിഭവങ്ങളും രേഖകളും, പ്രതിബദ്ധതയും ഉണ്ടോയെന്നാണ് എഎസിഎസ്ബി അക്രഡിറ്റേഷനായി പരിശോധിക്കുക. നിലവില്‍ 56 രാജ്യങ്ങളിലെ 862 സ്ഥാപനങ്ങള്‍ക്കാണ് അക്രഡിറ്റേഷന് ലഭിച്ചിരിക്കുന്നത്. കൂടാതെ അക്കൗണ്ടിംഗ് പ്രോഗ്രാമുകള്‍ക്കായി 188 സ്ഥാപനങ്ങള്‍ സപ്ലിമെന്റല്‍ അക്രഡിറ്റേഷന് സ്വന്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളോടും അല്യൂമ്നി ശൃംഖലയോടും ബിസിനസ് സമൂഹത്തോടും മാത്രമല്ല, ഉന്നതവിദ്യാഭ്യാസരംഗത്തോടുള്ള പ്രതിബദ്ധതയുടെ ശരിയായ പ്രതിഫലനമാണ് അമൃത സ്കൂള്‍ ഓഫ് ബിസിനസ് അക്രഡിറ്റേഷന് നേടാന്‍ കാരണമെന്ന് ബ്രയന്റ് ചൂണ്ടിക്കാട്ടി. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ ബിസിനസ് നേതാക്കളാണ്. എഎസിഎസ്ബി അക്രഡിറ്റഡ് ബിസിനസ് സ്കൂളുകളുടെ ശൃംഖലയിലേയ്ക്ക് അമൃത സ്കൂള്‍ ഓഫ് ബിസിനസ് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ പ്രാദേശികമായും ആഗോളതലത്തിലും ഏറെ നീണ്ടുനില്‍ക്കുന്ന പ്രസാദാത്മകമായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: