കാഞ്ഞങ്ങാട്: കോടോംബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കൊളിയാര് പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ക്ക് സിപിഎം പഞ്ചായത്ത് അംഗം കുടിവെള്ളം മുട്ടിക്കുന്നതായി പരാതി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമ്പതാം വാര്‍ഡില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി ഇതുവരെ പ്രാവര്‍ത്തികമാക്കുകയോ തുടങ്ങുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി പോയിരുന്നു. കോളനിവാസികളാണ് അതിനുപിന്നിലെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുടിവെള്ളം മുട്ടിക്കുന്നത്.
500 മീറ്റര്‍ അകലെ കുന്നില്‍ നിന്ന് പൈപ്പിട്ടാണ് അങ്കണവാടിയിലേക്കും കോളനി വാസികള്‍ വെള്ളം കൊണ്ടുവന്നിരുന്നത്. പിന്നീട് അങ്കണവാടിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചതോടെ അതില്‍ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. കോളനിനിവാസിയായ സി.കെ.വിജയനും പൊതു പ്രവര്‍ത്തകനായ സോണിമാത്യുവും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി മുടങ്ങിക്കിടക്കുകയും അഴിമതി നടന്നിട്ടുണ്ടെന്ന കാരണത്താല്‍ വിജിലന്‍സില്‍ പരാതി പോയതോടെയാണ് കോളനി നിവാസികള്‍ക്ക് ഏക ആശ്രയമായ അങ്കണാവാടിയിലെ കുടിവെള്ളം നിഷേധിക്കപ്പെട്ടത്. സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം നിഷേധിച്ചതോടെ കോളനി വാസികള്‍ ഇപ്പോള്‍ വെള്ളം കൊണ്ടുവരുന്നത് ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് തല ചുമടായാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധിക്കാനെത്തിയപ്പോള്‍ അവരുടെ കണ്ണില്‍ പൊടിയിടാന്‍ കരാറുക്കാരന് കുറച്ച് ജോലി ചെയ്ത് അവിടെ നിര്‍ത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം വരെ ജലസംഭരണ ടാങ്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാതായതായി വിജയന് പറഞ്ഞു. നാലോളം ഫണ്ടുകള്‍ വാങ്ങിയാണ് കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം വരെ കൊടിയ വേനലില്‍ ടാങ്കറില്‍ ജലവിതരണം നടത്തിയിരുന്നു. ഇത്തവണ അതുമില്ലാത്ത അവസ്ഥയാണെന്ന സ്ഥിതായാണുള്ളതെന്നും വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: