ബെംഗളൂരു: കൊറോണ വൈറസ് രോഗബാധമൂലം രാജ്യത്തെ ആദ്യ മരണം കര്‍ണാടകയിലെ കലബുറഗിയില്‍. കഴിഞ്ഞ ദിവസം അന്തരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന് സിദ്ദിഖ് (76) ന്റെ മരണം കൊറോണ ബാധയെ തുടര്‍ന്നാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉംറ കഴിഞ്ഞ് ഫെബ്രുവരി 29ന് മടങ്ങിയെത്തിയ ഇദ്ദേഹത്തെ കൊറോണ രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് അതീവ സുരക്ഷയിലാണ് മൃതദേഹം സംസ്കരിച്ചത്. സിദ്ദിഖിന്റെ സാമ്പിളുകള്‍ പരിശോധിക്കാനായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ രാത്രി പരിശോധനാ ഫലം പോസിറ്റീവായി അറിയിപ്പ് വരികയായിരുന്നു.
ജനുവരി 29ന് സൗദിഅറേബ്യയില്‍ പോയ സിദ്ദിഖ് ഫെബ്രുവരി 29നാണ് തിരികെയെത്തിയത്. ചുമയും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് ആദ്യം കലബുറഗിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഹൈദരാദബാദിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസം മുന്‍പ് കൊറോണ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കാതെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ മരിച്ചു.
മൃതദേഹം അണുവിമുക്തമാക്കിയ ശേഷമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: