ന്യൂദല്‍ഹി: കൊറോണ ബാധയെത്തുടര്‍ന്ന് ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും മടക്കിയെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു. ഇറാനില്‍ 6000 ഇന്ത്യക്കാരുണ്ട്. ഇവരെയും ഇവിടെ കുടുങ്ങിയ തീര്‍ത്ഥാടകരെയും മത്സ്യബന്ധന ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാനിലുള്ള 1,100 പേര് മഹാരാഷ്ട്ര, ലഡാക്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. ജമ്മു കശ്മീരില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ത്ഥികളും, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 1000 മത്സ്യത്തൊഴിലാളികളും മതപഠനത്തിനും ജോലിക്കുമായി ഇറാനില്‍ താമസിക്കുന്നവരും ഇതില്‍ പെടുന്നു. തിരിച്ചെത്തുന്നവര്‍ക്ക് വൈദ്യപരിശോധന നടത്തുന്നുണ്ട്.
കോറോണ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഖം മേഖലയിലുള്ള തീര്‍ത്ഥാടകരെ തിരിച്ചെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന. അവരുടെ പ്രായവും താമസരീതിയും കണക്കിലെടുക്കുമ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായിരുന്നു. അവരുടെ ക്ഷേമം ഉറപ്പ് വരുത്തി. ഇനി പരിഗണിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. ഇവരില്‍ കൂടുതലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളായതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ധാരണയുണ്ട്. വിദ്യാര്‍ത്ഥികളുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മത്സ്യത്തൊഴിലാളികളുള്ള മേഖലയില്‍ കൊറോണ ബാധിച്ചിട്ടില്ല.
ഇറാനില്‍ കുടുങ്ങിയവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ ആറു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ അയച്ചു. പൂനെയിലെ വൈറോളജി ലാബില്‍ ഈ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. കൂടുതല്‍ രക്തസാമ്പിളുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാന്റെ തെക്കന്‍ പ്രവിശ്യയിലുള്ള മത്സ്യത്തൊഴിലാളികളുമായി ബന്ദറിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നുണ്ട്. കുറച്ചുപേരെ നേരിട്ട് കണ്ടു. ബാക്കിയുള്ളവരെ ഉടന്‍ കാണും. ഇവരുടെ ആരോഗ്യവും അവശ്യവസ്തു ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്ന് മടങ്ങാനിരിക്കുന്ന മലയാളികള്‍ക്ക് യാത്രയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജയ്ശങ്കര് കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ഇറ്റലിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംഘം ഇന്ന് യാത്ര തിരിക്കും. യാത്രാക്കാരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ പറയുന്നതിനനുസരിച്ചുള്ള പരിശോധനകള്‍ക്കും മറ്റ് നിയന്ത്രണങ്ങള്‍ക്കും ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ ഉടന്‍ തിരികെയെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: