റോം: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 1,13,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ കൊറോണ കൂടുതല്‍ ശക്തമാകുന്നു. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലി പൂര്‍ണമായും അടച്ചു. ആറു കോടി ജനങ്ങളെ വീടുകളില്‍ നിന്ന് പുറത്തിറക്കാതെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 9,172 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 463 പേര് മരിച്ചു.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടമായതും ഇറ്റലിയിലാണ്. മറ്റു രാജ്യങ്ങളില്‍ വൈറസ് ബാധിതരില്‍ മരണം സംഭവിക്കുന്നവരുടെ അനുപാതം 3.5 ശതമാനമാണ്.
എന്നാല്‍, ഇറ്റലിയില്‍ ഇത് അഞ്ച് ശതമാനത്തിനു മുകളില്‍. ചൈനയില്‍ പോലും മരണനിരക്ക് ഇതിലും കുറവാണെന്നത് ഭരണകൂടത്തെ ആശങ്കയിലാക്കുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലിയില്‍ വളരെ പെട്ടെന്നാണ് വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ ഏറ്റവും ശക്തമായ ഇറാനില്‍ 24 മണിക്കൂറിനിടെ 43 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരുടെ എണ്ണം 8042 ആയി. 291 പേര് മരിച്ചു.
അമേരിക്കയിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. 36 സംസ്ഥാനങ്ങളിലായി 717 പേര്‍ക്ക് വൈറസ് ബാധയുണ്ട്.
വാഷിങ്ടണ്‍ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത്. അമേരിക്കയില്‍ മരിച്ച 26 പേരില്‍ ഇരുപത്തിരണ്ടു പേരും വാഷിങ്ടണിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: