ധര്‍മശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ആരംഭിക്കും. ആദ്യ മത്സരം ധര്‍മശാലയിലാണ്. രണ്ടാം മത്സരം 15നും മൂന്നാം മത്സരം 18നും അരങ്ങേറും.
ഇന്ത്യന്‍ മണ്ണില്‍ അവരെ നേരിടുക വിഷമകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുഖ്യ പരിശീലകന് മാര്‍ക് ബൗച്ചര്‍ പറഞ്ഞു. ഇന്ത്യ കടുത്ത പരീക്ഷണമാകും. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ടീമിലെ പലര്‍ക്കും ഇന്ത്യയില്‍ കളിച്ചുള്ള പരിചയം കുറവാണ്, ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ നായകന് ഫാ ഡുപ്ലെസിസിന് ഇന്ത്യയില്‍ പരിചയസമ്പത്തുണ്ട്. ഈ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യും. ദക്ഷിണാഫ്രക്കയ് ക്കായി ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്ന താരമാണ് ഡു പ്ലെസിസ്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഈ ബാറ്റ്മാന് സെഞ്ചുറി നേടിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന കളിക്കാരനാണ്.
ഇന്ത്യയിലെ സാഹചര്യങ്ങള്‍ മനസിലാക്കിയശേഷമേ ടീം കോമ്പിനേഷന്‍ തീരുമാനിക്കൂയെന്ന് ബൗച്ചര്‍ വെളിപ്പെടുത്തി.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ നാണംകെട്ട പ്രകടനം നടത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച കളി കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനും പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തി. ഇരു ടീമുകളും ധര്‍മശാലയില്‍ എത്തിയിട്ടുണ്ട്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കി. ഇന്ത്യന്‍ ടീമും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ട്. ഇന്നലെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മാസ്ക് ധരിച്ചാണ് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ധര്‍മശാലയിലേക്ക് പറന്നത്. മാസ്ക് ധരിച്ചിരിക്കുന്ന ചിത്രം ചഹല്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.
കൊറോണ മത്സരത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്.
ഇരുപതിനായിരം ടിക്കറ്റുകളില്‍ പന്ത്രണ്ടായിരം ടിക്കറ്റുകള്‍ മാത്രമേ ഇതുവരെ വിറ്റിട്ടുള്ളെന്ന്് അസോസിയേഷന് ഡയറക്ടര്‍ സഞ്ജയ് ശര്‍മ അറിയിച്ചു.
ധര്‍മശാലയിലെ മത്സരത്തിനുശേഷം ടീമുകള്‍ ലഖ്നൗവിലേക്ക് പോകും. രണ്ടാം മത്സരം അവിടെയാണ് നടക്കുക. അവസാന മത്സരം കൊല്‍ക്കത്തയിലെ ഈഡന് ഗാര്ഡിനില് 18ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: