കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ട സമിതി വിവരങ്ങള്‍ ശേഖരിച്ചു. സമിതി അംഗം എ. വിനോദ് ആണ് ഇന്നലെ ജസ്പ്രീതിന്റെ വീട്ടിലും കോളേജിലും എത്തി മൊഴിയെടുത്തത്.
കുടുംബത്തിന്റെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുത്തത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ മാനവവിഭവശേഷി വകുപ്പ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്, യുജിസി, സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് എന്നിവര്‍ക്ക് കൈമാറുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഹാജര്‍ കുറവാണെങ്കിലും പരീക്ഷ എഴുതാന്‍ തുടര്‍ന്ന് എന്തുചെയ്യണമെന്ന കാര്യത്തെക്കുറിച്ച് നിര്‍ദ്ദേശം നല്കാന് പോലും കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് കുടുംബാംഗങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പരീക്ഷ എഴുതാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കുകയാണ് പ്രിന്‍സിപ്പാളും അദ്ധ്യാപകരും ചെയ്തിരിക്കുന്നത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഒരു അധ്യാപികയില്‍ നിന്ന് വംശീയ അധിക്ഷേപം ഉണ്ടായെന്ന കാര്യം കുടുംബം നല്കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെ ഗൗരവകരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: