അമ്പലപ്പുഴ: കരുമാടി ഗുരുമന്ദിരം റെയില്‍വെ ലെവല്‍ ക്രോസ് അടക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിവന്ന സമരം പതിനാറു ദിവസം പിന്നിട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ സമരപന്തലില്‍ എത്തി നിവേദനം സ്വീകരിച്ചു. പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ വാഹനഗതാഗതത്തിന് ഉപയോഗിച്ചു കൊണ്ടിരുന്ന കരുമാടി ഗുരുമന്ദിരം കഞ്ഞിപ്പാടം റോഡിലുള്ള റെയില്‍വെ ക്രോസ് അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് റെയില്‍വെ.
റെയില്‍വെ വികസന പദ്ധതിയുടെ ആസൂത്രണ സമയത്ത് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് രണ്ട് കിലോമീറ്റര്‍ ദൂരെ മാറി റെയില്‍വേ അണ്ടര്‍ പാസും പാരലല്‍ റോഡും നിര്‍മിച്ചുകൊണ്ട് പ്രദേശത്തെ മറ്റു റെയില്‍വെ ഗേറ്റുകള്‍ അടയ്ക്കുന്നത്. എന്നാല്‍ അണ്ടര്‍ പാസിലൂടെ ആംബുലന്‍സ്, ഫയര്‍ എന്ജിന്, പാടശേഖരങ്ങളിലേക്കുള്ള കൊയ്ത്ത് യന്ത്രങ്ങള്‍ എന്നിവയുടെ സഞ്ചാരം അസാധ്യമാകും എന്നാണ് നാട്ടുകാര്‍ പറയുന്നത്. റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്കുവാനും ഗേറ്റ് അടക്കയ്ക്കാതിരിക്കുവാന് വേണ്ട സമ്മര്‍ദ്ദം ചെലുത്താനും വേണ്ടത് ചെയ്യാമെന്ന് സമരക്കാര്‍ക്ക് ഗോപകുമാര്‍ ഉറപ്പു നല്കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി, പ്രസാദ് ഗോകുലം, ശ്രീകുമാര്‍, സന്ധ്യ സുരേഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: