പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 (കൊറോണ) ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.
ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരില്‍ മൂന്ന പേരും ഇറ്റലിയില്‍ നിന്നുള്ളവരാണ്. രണ്ട് പേര് അവരുടെ ബന്ധുക്കളാണ്. ഇവരിപ്പോള്‍ പത്തനംത്തിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് എത്തിയത്. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എയര്‍പോര്‍ട്ടില്‍ രോഗപരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല.
രോഗ ലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഴുതടച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും മന്ത്രി ശൈലജ പറഞ്ഞു. 637 പേരാണ് രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം വന്നതോടെയാണ് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം വിളിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലും ഒരു ആശങ്കക്കും വകയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ഇന്ത്യയില്‍ തന്നെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. തൃശൂര്‍ പഴുതടച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: