ഈ വര്‍ഷത്തെ ലോകവനിതാദിനം ആചരിക്കുമ്പോള്‍ മോനിപ്പള്ളിയിലെ മൂഴിക്കല്‍ വീട്ടിലെ പങ്കജാക്ഷിയമ്മയുടെ പേരിനൊപ്പം പത്മശ്രീയും കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോക്കുവിദ്യ പാവകളി എന്ന പരമ്പരാഗത കലാരൂപത്തിലൂടെയാണ് ഇവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹയായത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിന തലേന്ന് പുരസ്കാരം പ്രഖ്യാപിച്ചത് മുതല്‍ മൂഴിക്കല്‍ വീട് തിരക്കിലാണ്. അനുമോദനങ്ങളുമായി നാടിന്റെ നാനാഭാഗത്ത് നിന്നാണ് ആളുകള്‍ എത്തിയത്. കൂടാതെ അനേകം സംഘടനകള്‍ ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. പത്മ പുരസ്കാരം സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ നില്ക്കുന്നവരില് നിന്ന് പാരമ്പര്യകലയ്ക്കും,സമൂഹത്തിലെ താഴെക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും എത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പങ്കജാക്ഷിയമ്മയ്ക്ക് ലഭിച്ച ബഹുമതി.
പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്ക്ക് പ്രായം 11. അയല്‍ വീടുകളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് തുടങ്ങിയത്്. പിന്നീടുള്ള പങ്കജാക്ഷിയമ്മയുടെ ജീവിതം പാവകള്‍ക്കൊപ്പമായിരുന്നു.
ചിങ്ങമാസത്തില്‍ ഓരോ വീടും കയറിയിറങ്ങിയായിരുന്നു പാവകളി നടത്തിയിരുന്നത്. അന്യം നിന്നുപോകുമായിരുന്ന ഈ കലാരൂപത്തിന്റെ കാവാലാളായ പങ്കജാക്ഷിയമ്മയുടെ ജീവിതത്തിലേക്ക് പങ്കാളിയായി ശിവരാമപ്പണിക്കര്‍ കടന്ന് വന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം ഈ കലാരൂപത്തില്‍ ചില വ്യത്യസ്തകള്‍ കൂട്ടിച്ചേര്‍ത്തു.രാമായണം, മഹാഭാരതം എന്നിവ കൂടാതെ അദ്ദേഹം പുതിയ കഥകളും എഴുതി ചേര്‍ത്തു. ഒരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പങ്കജാക്ഷിയമ്മയും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.
കേരളത്തിലെ വേദികള്‍ക്ക് പുറമേ ദല്‍ഹി, ബെംഗളൂരു, പാരീസ് എന്നിവടങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള പങ്കജാക്ഷിയമ്മയുടെ പാവകളിക്ക് വേദികള്‍ ഒരുങ്ങി. തന്നോട് കൂടി ഈ കലാരൂപം ഇല്ലാതാവുമോ എന്ന സങ്കടമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായി കൊച്ചുമകള്‍ രഞ്ജിനി നോക്കുവിദ്യാപാവകളിയില്‍ സജീവമായി.പുതിയ പാവകളും കഥകളുമായി രഞ്ജനി ഈ കലാരൂപത്തിനൊപ്പമുള്ള യാത്രയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: