ബാല്യത്തില്‍ അനുഭവിക്കേണ്ടി വന്ന വേദനകളും സങ്കടങ്ങളും ഒരാളെ ബഹുമുഖ പ്രതിഭയാക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമാണ്. എന്നാല്‍ ബാല്യത്തിലെ വേദനകളോട് പടവെട്ടി പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് സംവിധായക, തിരക്കഥാകൃത്ത്, അഭിനേത്രി, പ്രാസംഗിക, ഗായിക, ഗാനരചയിതാവ്, സംഗീത സംവിധായികയുമൊക്കെയായ പ്രിയ ഷൈന്റേത്. ചിട്ടയായ ജീവിതശൈലി പഠിക്കാന്‍ അഞ്ചാം വയസില്‍ അച്ഛന് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കിയ കുട്ടിക്ക് അവിടെ അനുഭവിക്കേണ്ടി വന്ന ഏകാന്തതയും വേദനയുമൊക്കെയാണ് പിന്നീട് അക്ഷരങ്ങളായി പുറത്തേക്ക് വന്നത്. എഴുത്തുകാരനായ അച്ഛന് മകള്‍ കലാകാരിയായി അറിയപ്പെടുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. ചുവരിലും മറ്റും കവിതകള്‍ എഴുതിയിരുന്ന പ്രിയയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ മഠത്തിലെ സിസ്റ്റര്മാര് പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും വീട്ടില്‍ നിന്നുള്ള ഭീഷണി എല്ലാത്തിനേയും ഇല്ലാതാക്കി.
പെണ്മക്കള് വീടിന് പുറത്തിറങ്ങി കഴിവ് തെളിയിക്കുന്നതിനോട് അച്ഛന് താത്പര്യമില്ലായിരുന്നു. എന്നാല്‍ ക്ലാസിക്ക് സിനിമകള്‍ കാണിക്കാന്‍ കൊണ്ടുപോയിരുന്ന അച്ഛന് പത്മരാജന്, അടൂര്‍, അരവിന്ദന് എന്നിവരുടെ സിനിമകളെല്ലാം മകളെ കാണിച്ചിരുന്നു. അപ്പോള്‍ സിനിമകളോട് താത്പര്യമില്ലാതിരുന്ന പ്രിയ പിന്നീട് ക്ലാസിക് സിനിമകളും സ്ത്രീപക്ഷ സിനിമകളും കാണുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.
അച്ഛന് സിനിമയ്ക്ക് കൊണ്ടുപോയി സിനിമകളോടും അഭിനയത്തോടും താത്പര്യമുണ്ടായിരുന്ന പ്രിയ 15-ാം വയസിലാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. അത് വെറുതെയായില്ല. കലാപ്രതിഭ പട്ടം വാങ്ങിയായിരുന്നു വേദികളില്‍ നിന്നുള്ള മടക്കം. എന്നാല്‍ ചെറുപ്രായത്തിലെ കല്യാണം തന്റെ ജീവിതത്തില്‍ വഴിത്തിരിവായതായി പ്രിയ പറയുന്നു. കല്യാണത്തിന് ശേഷം ഭര്‍ത്താവ് ഷൈനാണ് പ്രിയയിലെ കലാകാരിയെ തിരിച്ചറിയുന്നതും, വളര്‍ച്ചയിലേക്കുള്ള പടവുകള്‍ തുറന്ന് കൊടുക്കുന്നതും. ഇപ്പോഴും പ്രിയയുടെ ശക്തി ഭര്‍ത്താവ് തന്നെയാണ്. അദ്ദേഹം തന്നെയാണ് മിഴിവിളക്ക് എന്ന പ്രിയയുടെ സ്വന്തം കവിതയ്ക്ക് ദൃശ്യാവിഷ്കാരമൊരുക്കി പാതതുറന്ന് നല്കിയതും. അഞ്ചാം വയസില്‍ കവിത എഴുതി തുടങ്ങിയ പ്രിയ ഇതുവരെ 100ലധികം കവിതകള്‍ രചിച്ചിട്ടുണ്ട്. സ്വന്തം കവിതകള്‍ തന്നെയാണ് ദൃശ്യാവിഷ്കാരം നല്കി പുറത്തിറക്കുന്നതും.
പ്രിയയുടെ കവിതകളെല്ലാം തന്നെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെ കേന്ദ്രീകരിച്ചുളളതാണ്. കാരണം സൗന്ദര്യമില്ലെന്നതിന്റെ പേരില്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച സമൂഹത്തിന് മുന്നില്‍ പ്രിയ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നതും എല്ലായ്പ്പോഴും സമൂഹം അവഗണിക്കുന്നവരെയാണ്. ഇതുവരെ ചെയ്തിട്ടുള്ളതില്‍ ശ്രദ്ധിക്കപ്പെട്ട പ്രിയയുടെ ദൃശ്യാവിഷ്കാരങ്ങളാണ് ഭ്രാന്തി, മിഴിവിളക്ക്, ഇവള് സൂര്യപുത്രി എന്നിവ. മിഴിവിളക്കില്‍ അന്ധയായ സ്ത്രീയായിരുന്നെങ്കില്‍ ഭ്രാന്തിയില്‍ ഭ്രാന്തിയായി തന്നെ പ്രിയ വേഷമിട്ടു. എല്ലാത്തിലും പാടുന്നതും പ്രിയ തന്നെയാണ്. യുട്യൂബില്‍ ഭ്രാന്തി എന്ന കവിത ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇതുവരെ 16ഓളം കവിതകള്‍ ദൃശ്യാവിഷ്കാരം ചെയ്ത് കഴിഞ്ഞു. അണിയറയില്‍ ഇനിയും കവിതകള്‍ ഒരുങ്ങുന്നുണ്ട്.
സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട് പ്രിയ. കോളേജില്‍ പഠിക്കുന്ന സമയത്ത് നാടകത്തില്‍ അഭിനയിച്ചു. ഇതിലൂടെയാണ് തന്നിലെ അഭിനേത്രിയെ പ്രിയ തിരിച്ചറിയുന്നത്. ‘കന്മഴ പെയ്യും മുന്‍പേ’ ആയിരുന്നു ആദ്യ സിനിമ. ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. ‘രണ്ട് പെണ്‍കുട്ടികള്‍’ക്ക് ഛായാഗ്രഹണം ചെയ്തത് പ്രിയയുടെ മകന് തന്നെയാണ്. പിന്നീട് ഹൃദയരാഗം, നീരാഞ്ജനപ്പൂക്കള്‍ തുടങ്ങിയ സിനിമകളിലും പ്രിയ അഭിനയിച്ചു. നടന് തിലകനൊപ്പം അഭിനയിച്ചതാണ് പ്രിയയെ സംബന്ധിച്ചിടത്തോളം അഭിനയ ജിവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തം. ഇതെല്ലാം നല്കിയ പ്രചോദനം സ്വന്തമായി ഒരു സിനിമ എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് പ്രിയയെ എത്തിച്ചു. അങ്ങനെയാണ് വഹ്നി എന്ന സിനിമ ജനിക്കുന്നത്.
മുഖം പൊള്ളി വിരൂപിയായ ഒരു സ്ത്രി തന്റെ കുഞ്ഞിനെ പോറ്റാന്‍ ശ്മശാന ജോലി ഏറ്റെടുത്ത് നടത്തുന്നതും, തന്നെ വിരൂപയാക്കിയവരെ അഗ്നിക്കിരയാക്കുന്നതിലൂടെ നേടുന്ന സംതൃപ്തിയുമാണ് പ്രമേയം. കഥയും തിരക്കഥയുമെഴുതി മകന്റെ സംവിധാനത്തില്‍ പ്രിയയുടെ ആദ്യ സ്വന്തം സിനിമ. മുഴുനീള കഥാപാത്രം ചെയ്യേണ്ടിയിരുന്നതിനാലാണ് സംവിധാനം മകനെ ഏല്‍പ്പിച്ചത്. ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നയാളാണ് പ്രിയ. സമൂഹം കാണാത്ത കാഴ്ചകള്‍ കാണാന്‍ ശ്രമിക്കുന്നതിനാലാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്ന് പ്രിയ പറയുന്നു. പരിണാമം എന്ന ഹ്രസ്വചിത്രം അവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. പരിമാണത്തില്‍ അഭിനയിക്കുകയും, സംവിധാനവും, കഥ, തിരക്കഥ, സംഭാഷണം എന്നതെല്ലാം പ്രിയയായിരുന്നു. അതിന് വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നായി സംവിധാനത്തിന് അഞ്ച് അവാര്‍ഡുകളും മികച്ച അഭിനയത്തിനുള്ള അവാര്‍ഡും പ്രിയ നേടി.
എപിജെ അബ്ദുള്‍ കലാം കലാശ്രീ സ്റ്റേറ്റ്് അവാര്‍ഡ്, നാഷണല്‍ ഹ്യുമന്‍ റൈറ്റ്സ് കമ്മിറ്റി അവാര്‍ഡ്, സോളോ ലേഡി ലിറ്റററി അവാര്‍ഡ് എന്നിങ്ങനെ 25ഓളം അവാര്‍ഡുകള്‍ പ്രിയ നേടിയിട്ടുണ്ട്. എല്ലാ ദൃശ്യാവിഷ്കാരങ്ങള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും വസ്ത്രാലാങ്കരം ചെയ്യുന്നതും പ്രിയ തന്നെയാണ്. ഇതിനൊക്കെ പുറമേ മോഡലിങ്ങിലും പ്രിയ ചുവടൂന്നി തുടങ്ങിയിട്ടുണ്ട്. ഇനി തന്റെ കവിതകളെല്ലാം ചേര്‍ത്ത് പുസ്തകമിറക്കണമെന്നാണ് ആഗ്രഹം.
ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലേ പായുന്ന പ്രിയയുടെ ശക്തി കുടുംബമാണ്. ബിസിനസുകാരനായ ഭര്‍ത്താവ് ഷൈനും, ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും ആര്‍ട് ഫിലിം ഡയറക്ടറുമായ മകന് അദ്വൈതും പ്രിയയുടെ സ്വപ്നങ്ങളെ ഉയരെ പറക്കാന്‍ അനുവദിച്ച് കൂടെ നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരെ കൂട്ട് പിടിച്ച് പ്രിയ പറക്കുകയാണ് എത്തിപ്പിടിക്കാന്‍ ഇനിയുമുള്ള ഉയരങ്ങളിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: