കൊച്ചി: തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍.ജി.ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ശ്രീമോനെ സസ്പെന്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീമോനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കടുത്ത വിമര്‍ശനമാണ് സിഐയ്ക്കെതിരെ ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നുംഒരു നിമിഷം പോലും ഇയാളെ സര്‍വീസില്‍ ഇരുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഇടുക്കി സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ പരാതി പരിഗണിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുപ്പതോളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടീസ് നല്കി. ബേബിച്ചൻ വർക്കി നൽകിയ ഒരു വസ്തു ഇടപാട് കേസിൽ ശ്രീമോൻ എതിർ കക്ഷിക്ക് വേണ്ടി തന്നെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അധികാര പരിധിയിലല്ലാത്ത നിരവധി കേസുകളിൽ ശ്രീമോൻ അനധികൃതമായി ഇടപെടാറുണ്ടെന്നും ഇത്തരം പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്നും ബേബിച്ചൻ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: