ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് നിയമ നിര്‍മ്മാണ സഭകളെ വിശേഷിപ്പിക്കുന്നത്. ലോക്സഭയായാലും നിയമസഭയായാലും ആ വിശേഷണം അര്‍ഹിക്കുന്നു. ശ്രീകോവില്‍ എന്നാല്‍ ഈശ്വര ചൈതന്യം കുടികൊള്ളുന്ന സ്ഥലം. ക്ഷേത്രം തന്നെ പവിത്രമാണല്ലോ. അപ്പോള്‍ ക്ഷേത്രത്തില്‍ ഈശ്വരന് വാണരുളുന്നിടത്തിന് എത്രമാത്രം വിശുദ്ധിയുണ്ടാകും. ഈശ്വര വിശ്വാസികളും അവിശ്വാസികളും ഒക്കെ അടങ്ങിയതാണ് ലോക്സഭയും നിയമ സഭയും. എങ്കിലും ശ്രീകോവിലായി എല്ലാവരും കരുതുന്നു. ക്ഷേത്രങ്ങളിലും ശ്രീകോവിലിലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്്. അതനുസരിക്കാനും ജനപ്രതിനിധികള്‍ തയ്യാറായിരുന്നു. മറവിക്കാരെ ഓര്‍മ്മിപ്പിക്കാന്‍ ഭരണഘടനാ ശില്‍പ്പികള്‍ പെരുമാറ്റച്ചട്ടം എന്ന പേരില്‍ സംവിധാനവും എഴുതി വെച്ചു. പക്ഷേ, അതു മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള മാനസിക വളര്ച്ചയില്ലാത്തവര്ക്ക് അതൊന്നും പ്രശ്നമായെന്നു വരില്ലല്ലോ. അതാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ കണ്ടത്. അതിന്റെ പേരില്‍ കുറച്ചുപേര്‍ തത്ക്കാലത്തേക്കെങ്കിലും സഭയ്ക്കു പുറത്തുമായി.
സഭയിലോ പുറത്തോ അംഗങ്ങള്‍ മര്യാദകേട് കാണിച്ചാല്‍ മാറ്റി നിര്‍ത്താനോ പുറത്താക്കാനോ സ്പീക്കര്‍ക്ക് അധികാരം നല്‍കുന്നതാണ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകള്‍. ഭരണഘടനാ ശില്പികളായിരുന്ന അംബേദ്ക്കറും ജവഹര്‍ലാല്‍ നെഹ്റുവും ഒക്കെ അംഗങ്ങളായിരുന്ന ആദ്യ ലോക്സഭയില്‍ നിന്നു തന്നെ ഒരു കോണ്‍ഗ്രസ് അംഗത്തെ പെരുമാറ്റദൂഷ്യത്തിന് പുറത്താക്കേണ്ടി വന്നു. ബിസിനസ്സുകാരില്നിന്ന് പണം വാങ്ങിയ മഹാരാഷ്ട്രയില്‍ നിന്നുള്ള എച്ച്.ജി. മുദ്ഗളാണ് പുറത്താക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് സുബ്രമണ്യ സ്വാമിയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു, പിന്നീട് അധികാരത്തിലെത്തിയ ജനതാപാര്‍ട്ടി സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ സഭയില്‍നിന്ന് പുറത്താക്കി. അടിയന്തരാവസ്ഥയുടെ മറവില്‍ പാര്‍ലമെന്റിന്റെ മഹത്വം കളങ്കപ്പെടുത്തി എന്നതായിരുന്നു കാരണം. പുറത്താക്കലിനെ ഇന്ദിര ചോദ്യം ചെയ്തില്ലങ്കിലും പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍, പുറത്താക്കല്‍ നടപടി സഭയുടെ പ്രവിലേജ് പ്രശ്നം ആയിരുന്നില്ലന്നു പറഞ്ഞ് പ്രമേയം പാസാക്കി. വോട്ടിന് നോട്ടു കൊടുത്തതിന് 2005ല്‍ 11 അംഗങ്ങളെ ലോക്സഭ പുറത്താക്കിയിരുന്നു. അവസാനമായി പുറത്താക്കപ്പെട്ടത് വിജയ്മല്യയാണ്.
പുറത്താക്കല്‍ വിരളമെങ്കിലും മാറ്റി നിര്‍ത്തല്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഒരു ദിവസം ഒരാഴ്ച, ഒരു സമ്മേളനം എന്നിങ്ങനെ കുറ്റത്തിനനുസരിച്ചാണ് നടപടി വരുന്നത്്. 1989 ല്‍ ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട ഠാക്കൂര്‍ കമ്മീഷന് റിപ്പോര്‍ട്ട സഭയില്‍ വെച്ചപ്പോഴുണ്ടായ ബഹളവുമായി ബന്ധപ്പെട്ട് 63 അംഗങ്ങളെ ഒരാഴ്ചത്തേക്ക് മാറ്റി നിര്‍ത്തിയതാണ് വലിയ കൂട്ട സസ്പെന്ഷന്. കഴിഞ്ഞ ദിവസം ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ മാറ്റി നിര്‍ത്തല്‍ ഇരന്നു വാങ്ങുകയായിരുന്നു. സഭാ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള കഴിവോ പക്വതയോ ഇല്ലാതെ ബഹളം വെച്ച് ആളാകാന്‍ ശ്രമിച്ചവരാണ് നടപടി നേരിട്ടത്. കേരളത്തില്‍ നിന്നുള്ള രാജ്മോഹന്‍ ഉണ്ണിത്താനും , ബെന്നി ബഹനാനും, ടി.എന്‍. പ്രതാപനും, ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ലോക്സഭാ സ്പീക്കര്‍ നടപടി എടുത്തത്. ജനകീയ പ്രശ്നങ്ങളുടെ പേരിലൊന്നുമായിരുന്നില്ല ഇവരുടെ സഭയിലെ അട്ടഹാസം . സോണിയ ഗാന്ധി ഇറ്റലിക്കാരിയല്ലേ എന്ന് പ്രസംഗത്തിനിടയില്‍ ബിജെപി അംഗം പറഞ്ഞതാണ് കോണ്‍ഗ്രസ് കൂട്ടത്തെ ചൊടിപ്പിച്ചത്. സ്പീക്കറുടെ മേശയിലിരുന്ന പേപ്പറുകള്‍ കീറിയെറിഞ്ഞാണ് അംഗങ്ങള്‍ പ്രകടനം നടത്തിയത്.
കേരളത്തിലെ നിയമസഭാ നടപടികള്‍ കണ്ടു ശീലിച്ചതിന്റെ കുഴപ്പമാണിത്്. കേരളത്തില്‍ സഭയില്‍ ഉടുതുണി ഉയര്ത്തിക്കാട്ടിയാലും തമ്മില്‍ തല്ലിയാലും സ്പീക്കറുടെ കസേര അടിച്ചുടച്ചാലും ചെയ്തവര്‍ ആദരിക്കപ്പെടുന്നു. പത്രത്തില്‍ പേരും പ്രശസ്തിയും ഉണ്ടാകും. ഒരു നടപടിയും ഉണ്ടാകുകയും ഇല്ല. മന്ത്രിമാര്‍ തന്നെ സഭാരേഖകളില്‍ ഒരിക്കലും വരരുതാത്ത അസഭ്യ വാക്കുകള്‍ എടുത്ത് അമ്മാനമാടുന്നു. അത്തരക്കാര്‍ക്കൊപ്പം മുണ്ടു മടക്കിക്കുത്തി മുന്നില്‍ നിന്നയാള്‍ സ്്പീക്കര്‍ കസേരിയിലിരിക്കുന്നതിനാല് നടപടി ഉണ്ടാകില്ലന്ന് എല്ലാവര്ക്കും അറിയാം. ഏതായാലും, നിയമസഭയല്ല ലോക്സഭ എന്ന തിരിച്ചറിവ് ഉണ്ണിത്താനും സംഘത്തിനും ഉണ്ടാകുന്നത് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: