പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ജനതയില്‍ അരക്ഷിതാവസ്ഥയുടെ നിഴല്‍ പരത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി വിലയിരുത്തിപോലും. അതിനാല്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ അവര്‍ തീരുമാനിച്ചിരിക്കുകയാണത്രേ. പൗരത്വ നിയമം ഒരു അന്താരാഷ്ട്ര വിഷയമാക്കിത്തീര്‍ക്കാനുള്ള ചില നിക്ഷിപ്ത താല്പര്യക്കാരുടെ ചട്ടുകമായി മാറാന്‍ യുഎന്‍ മനുഷ്യാവകാശ സമിതി തയാറായിരിക്കുന്നുവെന്നു വേണം കരുതാന്‍. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ നിയമമാണ് പൗരത്വ നിയമ ഭേദഗതി. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇതില്‍ ഇടപെടാന്‍ എന്തിന്റെ പേരിലായാലും ഒരു വിദേശ ഏജന്‍സിക്കും അധികാരമോ അവകാശമോ ഇല്ല. അമേരിക്കയോ മറ്റ് ഏതെങ്കിലും രാജ്യമോ അവരുടെ രാജ്യതാല്പര്യത്തിനായി നിര്‍മിക്കുന്ന നിയമങ്ങളില്‍ ഇന്ത്യ ഇടപെടാറില്ല. അത് ഉന്നതമായ മാന്യതയുടെ ലക്ഷണമാണ്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഇന്ത്യയിലെ ഒരു പൗരനേയും ഒരു തരത്തിലും ബാധിക്കുന്നതല്ല. രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട് ആട്ടിയോടിക്കപ്പെട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളോടെ പൗരത്വം നല്‍കുന്നതാണ് നിയമം. മതപീഡനത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ ഒരു ഇസ്ലാം വിശ്വാസിയും ഇന്ത്യയിലെത്തുന്നില്ല. ആരെങ്കിലും എത്തുന്നുവെങ്കില്‍ ഇവിടെ ഭീകരപ്രവര്‍ത്തനം നടത്താന്‍ വേണ്ടി മാത്രമാണ്. പോലീസിനെയും പട്ടാളത്തെയും മുസ്ലിങ്ങളടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെയും കുരുതി കൊടുത്തുമാണവര്‍ എത്തുന്നത്. അത്തരക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് മനുഷ്യാവകാശ പ്രശ്നമാകുമോ? മുസ്ലിം പേരുള്ളവരെ അമേരിക്കയില്‍ കാലുകുത്താന്‍പോലും അനുവദിച്ചിരുന്നില്ലല്ലൊ. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. അബ്ദുല്‍ കലാമിനും നടന് കമലഹാസനും നേരിടേണ്ടിവന്ന പീഡനം വിസ്മരിക്കാന്‍ കഴിയുമോ?
രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും വായ തുറക്കാത്ത യുഎന്‍ മനുഷ്യാവകാശ കമ്മീഷന് പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വല്ലാതെ വേവലാതിപ്പെടുന്നതില്‍ ദുരൂഹതയുണ്ട്. ജമ്മുകശ്മീരില്‍ പാക്കിസ്ഥാന് പറഞ്ഞുവിടുന്ന ഭീകരര്‍ കശ്മീരിലെ മുസ്ലിം ജനതയേയും പോലീസിനെയും കശാപ്പു ചെയ്തതിന്റെ എണ്ണം ഏറെ വലുതാണ്. മനുഷ്യാവകാശ കമ്മീഷന്റെ നെഞ്ചു കുലുങ്ങിയ സംഭവമായിരുന്നില്ല അതൊന്നും. കശ്മീരിലെ തനത് ജനതയാണ് പണ്ഡിറ്റുകള്‍. ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ പാക്കിസ്ഥാന് സ്പോണ്സര് ചെയ്ത ഭീകരര്‍ ആട്ടിയോടിച്ചു. അവരുടെ ഭൂമിയും താമസസ്ഥലങ്ങളും സ്വത്തുവഹകളും തട്ടിയെടുത്തു. പണ്ഡിറ്റുകള്‍ക്ക് കശ്മീരിന് പുറത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്നു. അവര്‍ക്ക് വാസസ്ഥലമോ ഭക്ഷണമോ നല്കാന്, ഭീകരര്‍ക്ക് ഒത്താശ ചെയ്തുപോന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ തൂവാലകളൊന്നും അവരുടെ കണ്ണീരൊപ്പാന്‍ എത്തിയതുമില്ല. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുണ്ടായിരുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ് ന്യൂനപക്ഷങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന പീഡനങ്ങള്‍ നിര്‍ത്തണമെന്ന് പറയുന്നതും കേട്ടിട്ടില്ല. അത്തരം ന്യൂനപക്ഷങ്ങള്‍ക്ക് മനുഷ്യാവകാശം നല്‍കാനാണ് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതെങ്ങനെ മനുഷ്യാവകാശ ലംഘനമാകുമെന്നാണ് മനസ്സിലാകാത്തത്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്ന തൊഴില്‍ വിസകള്‍ക്കൊന്നും മുസ്ലിങ്ങള്‍ക്ക് ഈ നിയമപ്രകാരം വിലക്കില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ എല്ലാ മതക്കാര്‍ക്കും തൊഴില്‍ വിസ നല്‍കാറുണ്ട്. എന്നു കരുതി പൗരത്വം നല്‍കാറുണ്ടോ?
രാജ്യത്തെ മുസ്ലിം പൗരന്മാര്ക്ക് ഒരുതരത്തിലും പ്രതികൂലമാകാത്ത നിയമത്തിന്റെ പേരില്‍ മുസ്ലിങ്ങളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളുമാണ് ഐക്യരാഷ്ട്രസഭയേയും സ്വാധീനിച്ചതെന്ന് മനസ്സിലാക്കാവുന്നതാണ്. യുഎന്‍ മനുഷ്യാവകാശ സമിതി മാത്രമല്ല ഇറാന് വിദേശകാര്യ വകുപ്പും ഒപ്പം ചേര്‍ന്നിരിക്കുകയാണ്. ഇറാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിദേശ പൗരന്മാരോട് നടത്തുന്ന വിവേചനവും വിദ്വേഷവും ഇതിനകം തുറന്നുകാട്ടപ്പെട്ടതാണ്. ഇവര്‍ക്കെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ മറുപടിയും താക്കീതും നല്‍കിയെന്നത് സ്വാഗതാര്‍ഹമാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാനോ കൈകടത്താനോ ഒരു വിദേശ ശക്തിക്കും അവകാശമില്ലെന്ന് വിദേശകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഒരു അന്താരാഷ്ട്ര ഉടമ്പടികയെ ലംഘിക്കുന്നില്ല. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്ന സമീപനമാണ് രാഷ്ട്രീയമായ നിഗൂഢതാല്‍പര്യം മാത്രം വച്ച് പ്രതിപക്ഷം നടത്തുന്നത്. അതേപോലെ യുഎന്‍ മനുഷ്യാവകാശ സമിതിയും ഇറാനും പെരുമാറരുത്. ഇന്ത്യ ആവേശം കൊള്ളുന്നത് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന തത്വശാസ്ത്രത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ ആരും മനുഷ്യാവകാശം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: