തിരുവനന്തപുരം: പരീക്ഷയ്ക്ക് ഇനിയും ഒരാഴ്ച ബാക്കി നില്‍ക്കെ യാതൊരു സുരക്ഷിതത്വവുമില്ലാതെ പ്ലസ്ടു ചോദ്യപേപ്പറുകള്‍. ട്രഷറി ലോക്കറുകളില്‍ സൂക്ഷിക്കേണ്ട ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരിക്കുന്നത് വിദ്യാലയങ്ങളിലെ സ്റ്റോര്‍ റൂമുകളില്‍.
മാര്‍ച്ച് 10നാണ് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാലയങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച ശേഷം സ്റ്റോര്‍ റൂമിലെ അലമാരകളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിട്ടുള്ളത്. താക്കോല്‍ രണ്ട് അധ്യാപകരുടെ കൈയിലും. ചോദ്യപേപ്പറുകളുടെ രാത്രികാല സൂരക്ഷിതത്വം സിസിടിവിക്കും വാച്ചര്‍ക്കുമാണ്. ചില വിദ്യാലയങ്ങളില്‍ വാച്ചര്‍ തസ്തികയില്‍ ജോലി നോക്കുന്നത് വനിതകളാണ്. ഇവര്‍ രാത്രികാലങ്ങളില്‍ ജോലിക്ക് വരാറില്ല. ഈ സ്കൂളുകളില്‍ ഉത്തരവാദിത്വം വെറും സിസിടിവിക്ക്. എന്നാല്‍, ദീര്‍ഘനേരം വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ സുരക്ഷാച്ചുമതല ആര്‍ക്കുമില്ല. വാച്ചര്‍ തസ്തികകള്‍ നിലവിലില്ലാത്ത നിരവധി വിദ്യാലയങ്ങളുണ്ട്. അധികവും ഇടുക്കി, വയനാട്, കാസര്‍കോട് തുടങ്ങിയ മലയോര ജില്ലകളില്‍. ഇവിടെ വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാലെ പുനഃസ്ഥാപിക്കാറുള്ളൂ. ഇതിനിടയില്‍ ചോദ്യപേപ്പറുകള്‍ക്ക് എന്തും സംഭവിക്കാം.
പ്ലസ്ടു വിനോടൊപ്പം എസ്എസ്എല്‍സിയുടെ ചോദ്യപേപ്പറുകളും വിദ്യാലയങ്ങളില്‍ സൂക്ഷിക്കാനായിരുന്നു ഇക്കുറി തീരുമാനം. ഇതിനായി സ്റ്റോര്‍ റൂമുകളില്‍ രണ്ട് അലമാരകള്‍ തയാറാക്കി. പ്ലസ്ടുവിന്റെ ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന അലമാരകള്‍ ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡയറക്ടറും എസ്എസ്എല്‍സിയുടേത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാലയങ്ങളിലെത്തി പരിശോധിച്ചു. എന്നാല്‍ എസ്എസ്എല്‍സിയുടെ ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതില്‍ അധ്യാപകര്‍ വിമുഖത പ്രകടിപ്പിച്ചു. വിഷയത്തില്‍ അധ്യാപക സംഘടനകള്‍ ഇടപെട്ടതോടെ ലോക്കറില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതില്‍ പ്രിന്‍സിപ്പല്‍മാര്‍ അധികൃതരോട് നീരസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ചുമതല ഇവരുടെ തലയിലാണ്. അതിനാല്‍ പരീക്ഷ തീരുന്നതുവരെയുള്ള രാത്രികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഉറക്കമില്ലാത്തവയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: