ന്യൂദല്‍ഹി: കൊറോണ ഭീതി പടര്‍ന്നതോടെ ഓഹരി വിപണിയില്‍നിന്നു പിന്മാറുന്ന ആഗോള നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായി കാണുന്നത് സ്വര്‍ണത്തിലെ നിക്ഷേപം. ലോക വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഉയരുകയാണ്. റിസ്ക് കുറഞ്ഞതും അതേ സമയം വില ഇടിയാന്‍ സാധ്യത ഇല്ലാത്തതുമാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
ഇന്നലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച ഉണ്ടായപ്പോഴും സ്വര്‍ണ വില ഉയരുന്നതാണ് കണ്ടത്. ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയ്ക്ക് ഇടിവുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭീതി അകന്ന നിക്ഷേപമായാണ് ആഗോള നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നത്. ചൈന ഉള്‍പ്പെടെയുള്ള ആഗോള വിപണിയില്‍ ഓഹരി വിപണി ഇടിഞ്ഞപ്പോഴും കഴിഞ്ഞ ആഴ്ച ദശാംശം രണ്ട് മുതല്‍ ദശാംശം ഒന്ന് വരെയുള്ള ഉയര്‍ച്ചയാണ് സ്വര്‍ണ വിപണിയില്‍ ഉണ്ടായത്.
മള്‍ട്ടി കമ്മോഡിറ്റി എക്ചേഞ്ചില്‍(എംസിഎക്സ്) സ്വര്‍ണ വ്യാപാരം 0.54 ശതമാനം വര്‍ധിച്ച് 10 ഗ്രാമിന് 42614 രൂപയായതും ഈ ആഴ്ചയാണ്. രൂപയുടെ വില ഇടിഞ്ഞപ്പോഴും സ്വര്‍ണത്തിന്റെ വില ഉയരുന്നതായാണ് കണ്ടത്. എംസിഎക്സ് മാര്‍ക്കറ്റില്‍ ഇന്നലത്തെ ബിഡ് പ്രൈസ് 10 ഗ്രാമിന് 42511 രൂപയായിരുന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോഴേക്കും വില 0.31 ശതമാനം വ്യത്യാസത്തില്‍ 42519ല്‍ എത്തി. ഓഹരി വിപണി വന്‍ തകര്‍ച്ച നേരിട്ടപ്പോഴും പത്ത് ഗ്രാമിന് 134 രൂപയാണ് സ്വര്‍ണ വില ഉയര്‍ന്നത്. കൊറോണ ഭീതിയില്‍ രാജ്യാന്തര ഓഹരി വിപണി വരുന്ന ആഴ്ചയിലും തകര്‍ച്ച നേരിട്ടാലും സ്വര്‍ണത്തിന്റെ തിളക്കം കുറഞ്ഞേക്കില്ല. വില ഉയരാന്‍ സാധ്യതയുള്ളത് സ്വര്‍ണം ഏറെ ഉപയോഗിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് വ്യാപാരം കുറയ്ക്കാനിടയുണ്ട്. സ്വര്‍ണ വില കൂടിയാല്‍ വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ചെലവ് കൂടിയേക്കാമെന്നതും കൊറോണ ഭീതി മലയാളികളെ പരോക്ഷമായി ബാധിക്കുന്ന ഒന്നാണ്.
കൊറോണ ഭീതിയില്‍ കാലിടറി വ്യവസായ ഭീമന്മാര്
ന്യൂദല്‍ഹി: കൊറോണ ഭീതിയില്‍ ആഗോള ഓഹരി വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ കാലിടറിയത് മുപ്പതോളം ഇന്ത്യന്‍ വ്യവസായ ഭീമന്മാര്ക്കു കൂടി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്സിഎല്‍ ടെക്, എസ്ബിഐ, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിപണി മൂല്യത്തിന് 8.14 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ 19.8 ശതമാനം കുറവും, അഫ്ലീ ഇന്ത്യ ലിമിറ്റഡ് 14.22 ശതമാനം, ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് 37 ശതമാനം, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ 12.6 ശതമാനം , പവര്‍ ഫിനാന്‍സ് 15.55 ശതമാനം, വേദാന്ത 16.20 ശതമാനം, ഭാരത് ഡൈനാമിക്സ് 38.05 ശതമാനം, ഇന്റു ബുള്‍സ് ഹൗസിങ് ഫിനാന്‍സ് 36 ശതമാനം, അലഹബാദ് ബാങ്ക് 1.50 ശതമാനം, ടാറ്റ മോട്ടോഴ്സ് 9 ശതമാനം തുടങ്ങിയവയാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്.
എന്‍എസ്ഇയിലും വലിയ തിരിച്ചടിയാണ് ഇന്നലെ ഉണ്ടായത്. ലോഹം, മാധ്യമങ്ങള്‍ തുടങ്ങിയവ വ്യാപാര മേഖലയില്‍ 7.34 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിയില്‍ 5.5 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായെന്നാണ് കണക്കാക്കുന്നത്. ബിഎസ്ഇ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ആകെ മൂല്യമായ 150 ലക്ഷം കോടി രൂപയില്നിന്നുമാണ് ഈ കുറവുണ്ടായത്. ആഗോള മാന്ദ്യത്തില്‍ ഉഴലുന്ന ലോക വിപണി കൊറോണ ഭീതിയോടെ ഓഹരി വിറ്റഴിക്കുന്ന പ്രവണത ഏറിയതാണ് ഇന്നലത്തെ വിപണിയുടെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: