സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചു. മദ്യനയം സംബന്ധിച്ച് മാധ്യമ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത് മൂന്ന് കാര്യങ്ങളാണ്. വീര്യം കുറഞ്ഞ മദ്യം പഴ വര്‍ഗങ്ങളില്‍ നിന്ന് ഉണ്ടാക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നയരേഖയില്‍ കാണുന്നില്ലന്നും, ബ്രൂവറികള്‍ക്കും വൈനറികള്‍ക്കും അനുമതി നല്കുകയില്ല എന്നും, പബ്ബുകള്‍ കേരളത്തില്‍ വരില്ലാ എന്നിങ്ങനെയുമുള്ള വാര്‍ത്തകളാണ് കാണുന്നത്.
എന്താണ് ഇതിന്റെ അടിസ്ഥാന സത്യം? യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന മദ്യ നയവും പ്രഖ്യാപിത മദ്യ നയവും രണ്ടും രണ്ടാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മദ്യനയം ഒരു മുഖാവരണമാണ്. രേഖകളും വസ്തുതകളും നേരെ മറിച്ചാണ്.
പതിമൂന്നാം കേരള നിയമസഭയുടെ എട്ടാമത്തെ സബ്ജക്ട് കമ്മിറ്റി (സാമ്പത്തികം) കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളായ ചക്ക, കശുമാങ്ങ എന്നിവയില്‍ നിന്നു വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് അതിന്റെ സാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചക്ക, വാഴപ്പഴം, ചാമ്പക്ക, കശുമാങ്ങ, പാഷന്‍ഫ്രൂട്ട്, പൈനാപ്പിള്‍, ലോലിക്ക, ബിലുമ്പി അഥവാ ഇരുമ്പന്‍ പുളി, ജാതിക്കയുടെ തൊണ്ട് എന്നിവയില്‍ നിന്ന് വൈനുകള്‍, ബിയറുകള്, വീര്യം കുറഞ്ഞ മദ്യം എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളതാണ്. ഈ സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അക്കാദമിക് തലത്തില്‍ വികസിപ്പിച്ചിട്ടുള്ളതാണ്. കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മാടക്കത്തറ സെന്ററില്‍ കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഫെനി ഉല്പാദിപ്പിക്കുന്ന രീതിയും, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ പ്രോസസിങ് ടെക്നോളജി വിഭാഗവും ഹോംസയന്‍സ് ഡിപ്പാര്‍ട്ട്മെന്റും ചക്കയില്‍ നിന്ന് വൈന്‍ നിര്‍മിക്കുന്ന രീതിയും വികസിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സഹകരണ ബാങ്ക് കശുമാങ്ങയില്‍ നിന്നു ഫെനി ഉണ്ടാക്കാനുള്ള അപേക്ഷയും പ്രൊജക്ട് റിപ്പോര്‍ട്ടും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് മുമ്പാകെ സമര്‍പ്പിച്ചു. പിന്നീട് കാര്യങ്ങള്‍ നീങ്ങിയത് പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ അപേക്ഷയുടെ ഭാഗമായിട്ടാണ്. കൃഷി മന്ത്രിയും എക്സൈസ് മന്ത്രിയും കൂടിയാലോചനകള്‍ നടത്തി ഇത്തരം മദ്യ ഉല്പാദനം കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമെന്നും കൃഷി വകുപ്പ് ഔദ്യോഗികമായിത്തന്നെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ നടപടികള്‍ ശരവേഗത്തിലായിരുന്നു.
ഏതെങ്കിലും ഒരു സഹകരണ സ്ഥാപനത്തിന് ഇന്ന് മദ്യവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനോ നിര്‍മാണത്തിനോ വില്‍ക്കുന്നതിനോ അനുമതി നല്‍കാനാവില്ലെന്നും അതുകൊണ്ട് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ അടിയന്തരമായി വരുത്തണമെന്നും സഹകരണ വകുപ്പ് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ വീര്യം കുറഞ്ഞ മദ്യം ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യങ്ങളും മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി മുമ്പാകെ ഫയല്‍ എത്തുകയും ചെയ്തു. നികുതി, എക്സൈസ്, സഹകരണം, കൃഷി, നിയമം, ടൂറിസം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ക്ക് മുമ്പാകെ എത്തിയ ഫയല്‍ ഒരിക്കല്‍ പോലും ആരോഗ്യവകുപ്പ് മുമ്പാകെ എത്തിയില്ല. സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഇതുതന്നെ ധാരാളം. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് കെ.കെ. ശൈലജയാണ്. മാത്രമല്ല മന്ത്രിയുടെ ജില്ലയില്‍ നിന്നാണ് ഫെനി നിര്‍മി
ക്കാനുള്ള അപേക്ഷയും. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ നേരിട്ടും അല്ലാതെയും അനുഭവിക്കേണ്ടി വരുന്നവരാണ് സ്ത്രീകളും കുട്ടികളും. അര ഡസന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട മേല്‍ സൂചിപ്പിച്ച കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യമില്ല. എന്നു മാത്രമല്ല, ആരോഗ്യ മന്ത്രി കൂടിയായ വനിതാ മന്ത്രിയെ ഒഴിവാക്കിയതും സിപിഎമ്മിലെ അഭ്യന്തര വിഷയങ്ങള്‍ കാരണമാണ് എന്നതില്‍ സംശയം വേണ്ട.
പഴത്തില്‍ നിന്നു മദ്യം ഉത്പാദിപ്പിക്കുന്ന വൈനറികള്‍, ബ്രൂവെറികള്‍, വീര്യം കുറഞ്ഞ മദ്യ ഉത്പ്പാദന യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കാന്‍ എക്സൈസ് ചട്ടത്തില്‍ മാറ്റം ആവശ്യമില്ല എന്ന് നിയമ വകുപ്പ്, മുഖ്യമന്ത്രിയെ ഉപദേശിച്ചിട്ടുണ്ട്. 1970ലെ കേരള വൈറ്റി റൂള്‍സ് ചട്ടം 2. ഉപച്ചട്ടം12. പ്രകാരം ചെറുകിട ഉല്പാദന യൂണിറ്റുകള്‍ക്ക് ഇവ ആരംഭിക്കാം. പ്രസ്തുത ചട്ടത്തിലെ നാലാം ഭാഗത്തില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ മതിയെന്നും അപ്രകാരം ചട്ടം 4 പ്രകാരം അപേക്ഷിച്ചാല്‍, നിയമം അനുശാസിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷകന് എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. 1970ലെ കേരള വൈറ്റി റൂള്‍സ് ഏഴാം ചട്ടപ്രകാരം ബോട്ടിലിങ്ങിനായി ലൈസന്‍സ് ഫീസ് എത്ര വാങ്ങണമെന്ന് മാത്രമേ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ടതുള്ളുവെന്നും എക്സൈസ് നികുതി വകുപ്പ് സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ സര്‍ക്കാരിന്റെ തനിനിറം പുറത്തു വന്നു.
തുടര്‍ന്ന് സര്‍ക്കാരിന്റെ മദ്യനയം മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ പ്രഖ്യാപിത മദ്യനയത്തില്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നിവ കുറയ്ക്കണമെന്നാണ്. വീര്യംകൂടിയ മദ്യത്തിന്റെ ഉപഭോഗവും, ഉല്പാദനവും, വിതരണവും കുറയ്ക്കാന്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗവും ഉത്പാദനവും വിതരണവും കൂട്ടിയാല്‍ മതി എന്ന വിചിത്രമായ വ്യാഖ്യാനത്തിന് മന്ത്രിമാര്‍ തുല്യം ചാര്‍ത്തി.
സര്‍ക്കാരിന് സത്യസന്ധമായി മദ്യനയം സമൂഹത്തോട് വിളിച്ചുപറയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം ഇല്ലാതെ, ആരും കണ്ടെത്താത്ത വ്യാഖ്യാനം മദ്യനയത്തില്‍ കണ്ടെത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ലൈസന്‍സ് തരപ്പെടുത്തി കൊടുക്കുവാനും
അഴിമതിക്കുമാണ് തെറ്റിദ്ധരിപ്പിക്കുന്ന മദ്യനയം സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചത്. സഹകരണ മേഖലയിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മറ്റെല്ലാ മേഖലകളിലും എന്ന പോലെ തന്നെ കേരളത്തിന്റെ മദ്യ ഉല്പാദന, വിതരണ മേഖലകളിലും പാര്‍ട്ടി സ്വന്തമായ ഒരിടം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ നിയമ വകുപ്പ് ഉപദേശം അനുസരിച്ച് വൈനറി റൂളില്‍ ഭേദഗതി കൂടാതെ കശുമാമ്പഴം, ചക്ക, പൈനാപ്പിള്‍ എന്നിവയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതിനും
വിപണനത്തിനായി വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതിന് പബ്ബുകള്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവ അനുവദിക്കുന്നതിനും പുതിയ മദ്യനയം ഒരുതരത്തിലും എതിര് നില്ക്കുന്നില്ല. മാത്രമല്ല ഇവയുടെ സമയക്രമങ്ങള്‍ മാറ്റാനുള്ള ചട്ടങ്ങളും പണിപ്പുരയില്‍ പൂര്‍ത്തീകരിക്കുന്നു. കേരളത്തിലെ മുഖ്യ നഗരങ്ങളില്‍ പാതിരാ ഷോപ്പിങ്ങിനു വേണ്ട നൈറ്റ് മാര്‍ക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തും എന്നതിന്റെ ഉദ്ദേശ്യം പാതിരാ പബ്ബുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതു തന്നെയാണ്.
തെരഞ്ഞെടുപ്പ് വേളയില്‍ പ്രകടനപത്രിക പ്രഖ്യാപിക്കുകയും ആ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതും മഹാപരാധമായി കാണുന്നവരാണ് ഇടതുപക്ഷം. ജനങ്ങളുടെ മുമ്പാകെ വച്ചിരിക്കുന്ന മദ്യനയത്തിന് തീര്‍ത്തും വിപരീതമായി സംസ്ഥാനത്ത് നയങ്ങള്‍ നടപ്പിലാക്കുന്നത് ജന വഞ്ചനയാണ്. പിന്നെ സംസാരിക്കുന്ന തെളിവുകളാണ് ആണ് 2019 ഒക്ടോബര്‍ 23 ന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിച്ച മന്ത്രിസഭ തീരുമാനവും തുടര്‍ന്ന് 26ന് എക്സൈസ് നികുതി വകുപ്പ് 58 നമ്പരായി ഇറക്കിയ പുതിയ ഉത്തരവും. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ മദ്യനയം എങ്കില്‍ മേല്‍ സൂചിപ്പിച്ച ഉത്തരവുകള്‍ സര്‍ക്കാരിന് റദ്ദാക്കേണ്ടിവരും. വോട്ട് ചെയ്ത സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും കള്ളം പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാര്‍, മദ്യത്തെക്കാള്‍ വലിയ ദുരന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: