സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും വിദ്യാര്‍ത്ഥി സമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പതിവുപോലെ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കളുടെ ഭാവിയില്‍ ആശങ്കയുള്ള രക്ഷകര്‍ത്താക്കള്‍ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിയോജിക്കുകയാണ്. പഠനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, പഠനം മുടക്കുന്ന സമരങ്ങളില്‍ മാനേജ്മെന്റിന് ഇടപെടാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പഠനത്തെ ബാധിക്കുന്ന സമരങ്ങള്‍ ഉണ്ടാകുന്നില്ലെന്നും, ആരെയും നിര്‍ബന്ധിച്ച് സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനാണെന്നും സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസം തടയുന്നത് വിദ്യാര്‍ത്ഥികളുടെയും, സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയുന്നത് മാനേജ്മെന്റുകളുടെയും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറയുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസിനകത്ത് പ്രതിരോധത്തിലാവുമ്പോള്‍ മത-രാഷ്ട്രീയ സംഘടനകള്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച കോടതി, മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സമാനമായ ഉത്തരവുകള്‍ നടപ്പാക്കാതിരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനമാണ് കാമ്പസുകളിലെ സംഘര്‍ഷത്തിനു കാരണമെന്നും, കൊലപാതകം വരെ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയ കോടതി, അനിശ്ചിതകാല പഠിപ്പു മുടക്കിനെതിരെ കോടതിയെ സമീപിക്കാത്ത കലാലയ മേധാവികളെയും വിമര്‍ശിച്ചു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നത് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണെന്ന് കോടതി പറയുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്വകാര്യ മാനേജ്മെന്റ് കോളജുകളിലും, സിബിഎസ്ഇ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലുമൊന്നും സമരങ്ങളും പഠിപ്പുമുടക്കുമില്ല എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് കോടതി പറയുന്നില്ല. അഭിപ്രായ രൂപീകരണത്തിന് സംഘടിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധിക്കുകയും ചെയ്യാം. എന്നാല്‍ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇരകളാക്കപ്പെടരുത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള ഉചിതമായ വേദികള്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവയ്ക്കുന്നു.
വിധിയോട് വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയഭേദമെന്യെ വിയോജിക്കുകയല്ല, അതിനെ എതിര്‍ക്കുകതന്നെയാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാതിരിക്കാനും സമരം ചെയ്യാതിരിക്കാനും കഴിയില്ലെന്ന ശക്തമായ നിലപാടാണ് വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വത്തിനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സാമ്പത്തികമായും മറ്റുതരത്തിലും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസം വെറും കച്ചവടമാക്കി മാറ്റിയിട്ടുള്ള മാനേജ്മെന്റുകള്‍ക്കെതിരെ പോരാടിയിട്ടുള്ളതും വിജയിച്ചിട്ടുള്ളതും വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. മറ്റ് പല സംസ്ഥാനങ്ങളിലെയും കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യമില്ല. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരുമാണ്. വിദ്യാര്‍ത്ഥി സമരം നിരോധിക്കണമെന്ന പക്ഷക്കാര്‍ ഇതൊന്നും കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തം. അപ്പോഴും കലാലയാന്തരീക്ഷം സമാധാനപൂര്ണമാവണമെന്നതില് രണ്ട് പക്ഷമുണ്ടാവരുത്. കാമ്പസിനു പുറത്തുള്ളവരുടെ അനാവശ്യ ഇടപെടലുകളാണ് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുന്നത്. ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിന് വഴിയൊരുക്കുകയും ചെയ്യുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തന ശൈലി വിദ്യാര്‍ത്ഥി സംഘടനകളെ വഴിതെറ്റിക്കുന്നു. ഇതിന് മാറ്റമുണ്ടാവണം. ഇപ്പോഴത്തെ വിധി ബന്ധപ്പെട്ട എല്ലാവര്ക്കും ആത്മപരിശോധനയ്ക്കുള്ള അവസരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: