ന്യൂദല്‍ഹി : ദല്‍ഹിയില്‍ മുസ്ലിംപള്ളികള് പൊളിച്ചതായുള്ളത് വ്യാജ വാര്‍ത്തകളെന്ന് കേന്ദ്ര സര്‍ക്കാര്‍. അശോക് നഗറിലെ പള്ളിക്ക് തീയിട്ടതായി സ്വകാര്യ ചാനലുകളാണ് വ്യാജവാര്‍ത്ത പുറത്തുവിട്ടത്.
ജനങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. പള്ളി പൊളിച്ചു തുടങ്ങിയെന്ന വിധത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്തവിതരണ മന്ത്രാലയം നോട്ടീസ് നല്കി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മുസ്ലിം പള്ളി തകര്‍ത്തെന്ന വിധത്തില്‍ സ്വകാര്യ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതോടെ ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഇവ ചില പ്രാദേശിക മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട ധാര്‍മ്മിക മര്യാദകള്‍ ചില മാധ്യമങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന് ആക്ട് 1995 പ്രകാരം ഈ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: