ചിത്തം ന സുപ്തം നോ ജാഗ്രത്
സ്മൃതി വിസ്മൃതി വര്‍ജിതം
ന ചാസ്തമേതി നോദേതി
യസ്യാസൗ മുക്ത ഏവ സഃ 4 110
മുക്തന്റെ ചിത്തം ജാഗ്രത്തിലും സ്വപ്നത്തിലുമല്ല. അതില്‍ സ്മൃതിയും വിസ്മൃതിയും ഇല്ല. അത് ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.
ചിത്തം, അന്തഃകരണം തന്നെ. തമോഗുണമാണ് ആവരണ ശക്തി, എല്ലാറ്റിനെയും മൂടിവെക്കുന്ന ശക്തി. അന്തഃകരണം സത്വരജസ്തമോ ഗുണങ്ങള്‍ നിറഞ്ഞതാണ്. അതിലെ സത്വഗുണവും രജോഗുണവും കുറഞ്ഞ് തമോഗുണം കൂടുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും മൂടിക്കെട്ടപ്പെടും. ഇന്ദ്രിയങ്ങള്‍ക്ക് വിഷയവസ്തുക്കളെ അറിയാന്‍ കഴിയില്ല.
‘കാണുക’ എന്നാല്‍ എന്താണ്? ‘ഞാന്‍ ഒരു കാക്കയെ കണ്ടു.’ എന്നു പറയുമ്പോള്‍ സംഭവിക്കുന്നത് നമ്മുടെ കണ്ണിലൂടെ മനസ്സ് പുറത്തേക്കു ചെന്ന് കാക്കയുടെ രൂപം പ്രാപിച്ച് ആ വിഷയാകാരവൃത്തിരൂപമായ കാക്കയെ ഉള്ളിലെ കണ്ണില്‍ കാണുകയാണ്. പുറത്തെ വസ്തുവിനെയല്ല, അകത്തുള്ള അതിന്റെ പ്രതിരൂപത്തെയാണ് നാം അറിയുന്നത് എന്നര്‍ഥം. ഇതാണ് ജാഗ്രത് (ഉണര്‍വ്) എന്ന അവസ്ഥ.
ഇന്ദ്രിയങ്ങള്‍ തമസ്സ് കൊണ്ടു മൂടിയാല്‍ ഒരു രൂപവും അകത്തു പതിയുകയില്ല, ചിത്തം വിഷയാകാരമാവുന്നില്ല. അപ്പോള്‍ പുറത്തെ കാഴ്ച്ചയില്ല. ജാഗ്രത് എന്ന അവസ്ഥയുമില്ല. ഇതാണ് സുപ്താവസ്ഥ. ജാഗ്രദവസ്ഥയില്‍ ഉണ്ടായ അനുഭവങ്ങള്‍ ( ഓര്മ, സ്മൃതി) ഉള്ളില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്വപ്നം. ഈ രണ്ടവസ്ഥകളും യോഗിക്കില്ല.
സ്മൃതിയും (ഓര്മ) വിസ്മൃതിയും (ഓര്മ കേട്) യോഗിക്കില്ല. സ്മൃതി എന്നത് ചിത്തത്തിലെ ഒരു വൃത്തി, ചലനം ആണ്. ചിത്തവൃത്തികള്‍ ഇല്ലാതാവുമ്പോള്‍ ഈ സംസ്കാരങ്ങള്‍ ശേഷിക്കില്ല. അവിടെ ഉണ്ട്, എന്നോ ഇല്ല എന്നോ ഉള്ള അവസ്ഥയില്ല. ഉദയമോ അസ്തമയമോ ഇല്ല. അതു കൊണ്ടു തന്നെ ആ ചിത്തത്തിന്റെ ഉടമസ്ഥന് മുക്തനാണ്.
ന വിജാനാതി ശീതോഷ്ണം
ന ദുഃഖം ന സുഖം തഥാ
ന മാനം നാപമാനം ച
യോഗീ യുക്തഃ സമാധിനാ 4 111
സമാധി നേടിയവന് ശീതം, ഉഷ്ണം; ദുഃഖം, സുഖം; മാനം, അപമാനം ഇവ അറിയുന്നില്ല. ശീതവും ഉഷ്ണവും (ചൂടും തണുപ്പും) ബാഹ്യ വസ്തുക്കളില്‍ നിന്നുണ്ടാവുന്നതാണ്. മാനവും അപമാനവും മറ്റു മനുഷ്യരില്‍ നിന്നുണ്ടാവുന്നതാണ്. മററുള്ളവരില്‍ നിന്ന് സത്കാരം,ആദരവ് ലഭിക്കുന്നതാണ് മാനം. അനാദരമുണ്ടാകുമ്പോഴാണ് അപമാനം വരുന്നത്. സുഖവും ദുഃഖവും വസ്തുക്കള്‍ മൂലവും മനുഷ്യര്‍ മൂലവും ഉണ്ടാവാം. മറ്റുള്ളവരുടെ താഡനവും പീഡനവും ദുഃഖം തരും. സുഗന്ധ ചന്ദനാദികളും സുവചനങ്ങളും സുഖം തരും. ഇവയൊന്നും യോഗിയെ ബാധിക്കുകയില്ല. യോഗി ഇതിനൊക്കെ അപ്പുറമാണ്.സുഖദുഃഖങ്ങളെപ്പറ്റിയുള്ള ചര്‍ച്ച വൈശേഷിക ദര്‍ശനത്തില്‍ വരുന്നുണ്ട്.
അനുകൂലമായ അനുഭവങ്ങളെയാണ് സുഖമെന്നു പറയുന്നത്. പ്രതികൂലമായവ ദു:ഖവും. ഒരാള്‍ക്ക് പിറകില്‍ നിന്ന് ചെറിയ ഒരു അടി കിട്ടി എന്നു കരുതുക. അത് അയാള്‍ക്ക് ദുഃഖമാണ് നല്‍കുക. അത് അടികൊണ്ടുണ്ടാവുന്ന വേദനയാണോ? അല്ല, കാരണം അത് വേദനിക്കത്തക്ക തരത്തിലുള്ള അടിയായിരുന്നില്ല. അത് തനിക്ക് പ്രതികൂലമാണ്, തനിക്കിഷ്ടമില്ലാത്തയാളാണ് അടിച്ചത് എന്ന ധാരണയാണ് ദുഃഖമുണ്ടാക്കിയത്. എന്നാല്‍ അടി കിട്ടിയ ആള് തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ മൂന്നു വയസ്സായ കൊച്ചുമകനാണ് അടിച്ചത് എന്നു മനസ്സിലായാലോ? ദുഃഖം സുഖമായി മാറും. ഒരടി കൂടി കിട്ടിയാല്‍ കൊള്ളാമെന്നാവും.
ചുരുക്കത്തില്‍ അനുഭവങ്ങളെ നമ്മള് നോക്കിക്കാണുന്നതിലാണ് യഥാര്‍ഥ സുഖദുഃഖങ്ങളിരിക്കുന്നത്. ശരീരത്തിലെ അവയവം ഒരു അക്രമി വെട്ടിമാറ്റിയാല്‍ ദുഃഖം തോന്നും. രോഗംമൂലം ഒരു ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ അതു ചെയ്താലോ?.
അനുകൂല പ്രതികൂല ഭാവനകളാണ് സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ദുഃഖകരമായ ചില മുന്‍കാല അനുഭവങ്ങള്‍ പിന്നീട് തനിക്ക് അനുകൂലമായിരുന്നു എന്നറിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. തന്റെ പ്രതികരണങ്ങള്‍ വ്യത്യസ്തമാകാമായിരുന്നു എന്നും തോന്നാം. സുഖദുഃഖങ്ങളെപ്പറ്റി വിശദമായ ചിന്ത തന്നെ ആവശ്യമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: