കൊല്ലം: കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം കണ്ടെത്തിയ വെടിയുണ്ടകള്‍ കാണാതായതാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് സ്ഥിരീകരിച്ചത്.
നേരത്തെ കേരളാ പോലീസിന്റെ 12,061 വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് കുളത്തൂര്‍ പുഴയില്‍ നിന്നും വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടകള്‍ കണ്ടെത്തിയത്. 14 ഉണ്ടകളാണ് കണ്ടെത്തിയത്. ഒരു തിര തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും രണ്ടെണ്ണം വേര്‍പെടുത്തിയ നിലയിലുമായിരുന്നു.
അതേസമയം വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി ഫോറന്‍സിക് സംഘം കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണോ എന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഉള്‍പ്പടെയുള്ള കേന്ദ്ര സംഘവും മിലിട്ടറി ഇന്റലിജെന്‍സും അന്വേഷണം നടത്തും.
സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയില്‍ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ഭീകര വിരുദ്ധ സ്ക്വാഡും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ഡിഐജി അനൂബപ് കുരുവിള ജോണിന്റ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: