കൊട്ടാരക്കര (കൊല്ലം): സംസ്ഥാനത്ത് ഇനി മുതല്‍ പേപ്പര്‍രഹിത മോട്ടോര്‍ വാഹന ഓഫീസുകള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലുമെത്തിയതിനാല് ഈ ആഴ്ച മുതല്‍ പേപ്പര്‍രഹിത സംവിധാനം നടപ്പാകും. വെബ് അധിഷ്ഠിത സോഫ്റ്റ്വെയറായ പരിവാഹനിലേക്ക് പൂര്‍ണമായും മോട്ടോര്‍ വാഹനവകുപ്പ് മാറിയതിന്റെ ഭാഗമാണിത്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ഫോണും എടിഎം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ടി ഓഫീസിലെ ആവശ്യങ്ങള്‍ വീട്ടിലിരുന്നും ചെയ്യാന്‍ കഴിയുന്നവിധം നേരത്തേതന്നെ മോട്ടോര്‍ വാഹനവകുപ്പ് ഹൈടെക് ആയിരുന്നു. ഈ ഡിജിറ്റല്‍ സംവിധാനത്തില്‍ പണമടയ്ക്കാനും അപേക്ഷ നല്‍കാനും
കഴിഞ്ഞിരുന്നെ ങ്കിലും ഫയലുകളുമായി ഓഫീസുകളില്‍ എത്തേണ്ട ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതാണ് ഒഴിവാകുന്നത്. അതത് ഓഫീസുകളില്‍ ഇനി പേപ്പര്‍ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും മാറും. ആര്‍ടി ഓഫീസുകളില്‍ കാലാവധി കഴിഞ്ഞിട്ടും കൂട്ടിവച്ചിരിക്കുന്ന ഫയലുകള്‍ ഓഫീസുകളുടെ ആകെയുള്ള പ്രവര്‍ത്തനത്തെയും അന്തസ്സിനെയും ബാധിക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വിലയിരുത്തിയിരുന്നു. ഡിജിറ്റല്‍ സംവിധാനങ്ങളുള്ളപ്പോള്‍ പേപ്പര്‍ഫയലുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കേണ്ടതില്ലെന്നാണ് തീരുമാനം.
കൈയും വീശി ഓഫീസിലെത്താം
പുതുതായി ഡ്രൈവിങ് ലൈസന്‍സിനോ വാഹന രജിസ്ട്രേഷനോ അപേക്ഷിക്കുമ്പോള്‍ ലൈസന്‍സ് ഉടമയോ വാഹനമുടമയോ പേപ്പര്‍ ഫയല്‍ ഹാജരാക്കേണ്ടതില്ല. പരിവാഹനില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഫയല്‍ ഓഫീസ് രേഖയായി പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പുതിയ ലൈസന്‍സിനോ അധിക ക്ലാസ് ചേര്‍ക്കുന്നതിനോ ഉള്ള അപേക്ഷകളില്‍ ടെസ്റ്റ് ഷീറ്റില്‍ (ഡിഎല്‍സി) മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിസള്‍ട്ട് എഴുതേണ്ടതും ആ റിസള്‍ട്ട് അതത് ദിവസം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടതുമാണ്. റിസള്‍ട്ട് എഴുതിയ ഫോം തീയതി അനുസരിച്ച് ഓഫീസിലെ റെക്കോഡ് റൂമില്‍ സൂക്ഷിക്കും. അപേക്ഷകന്റെ പക്കല്‍ നിന്ന് മറ്റ് യാതൊരു പേപ്പര്‍ അപേക്ഷകളോ രേഖകളോ വാങ്ങേണ്ടതില്ലെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
പുതിയ വാഹന രജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റലായി ലഭ്യമായ രേഖകള്‍ പേപ്പര്ഫോമില് വാങ്ങേണ്ടതില്ലെങ്കിലും വാഹനങ്ങളുടെ ചേസിസ് പ്രിന്റോടു കൂടിയ ഡീലറുടെ ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റും അളവ് സര്‍ട്ടിഫിക്കറ്റും ഓഫീസ് റെക്കോഡ് റൂമില്‍ സൂക്ഷിക്കണം. ഫോറം ഡിഎല്‍സി, ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഒരു വര്‍ഷ കാലയളവിലേക്ക് റെക്കോഡ് റൂമില്‍ സൂക്ഷിക്കണം. കാലാവധി കഴിഞ്ഞവ കമ്പ്യൂട്ടറിലേക്ക് സ്കാന്‍ ചെയ്തശേഷം നശിപ്പിക്കും. വാഹന രജിസ്ട്രേഷന്റെ കാലാവധി 15 വര്‍ഷമായതിനാല്‍ ഫോറം ഡിഎല്‍സി ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഈ കാലയളവുവരെ അപേക്ഷകന് സൂക്ഷിക്കാം.
ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ കണ്‍വേര്‍ഷന്‍, ഉടമസ്ഥാവകാശംമാറ്റല് തുടങ്ങിയ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍മാത്രം മതിയാകും. ലൈസന്‍സ്, വാഹന പര്ട്ടിക്കുലേഴ്സ്, വാഹന നികുതി ഒടുക്കല്‍ തുടങ്ങിയവയ്ക്ക് ഓഫീസില്‍നിന്നുള്ള സേവനങ്ങളുടെ ആവശ്യമില്ല.
സ്റ്റാമ്പ് ഒട്ടിച്ച കവര്‍ വേണം
എന്നാല്‍, ലൈസന്‍സും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വീട്ടിലെത്തണമെങ്കില്‍ അപേക്ഷകന്റെ വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച കവര്‍ വാങ്ങിവയ്ക്കുന്ന രീതി മാറിയിട്ടില്ല.
വകുപ്പ് വിഭാവനം ചെയ്യുന്ന കേന്ദ്രീകൃത പ്രിന്റിങ് പ്രാവര്‍ത്തികമാകുന്നതുവരെ ഈ രീതി തുടര്‍ന്നേ പറ്റൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റിയുമായി കരാറുണ്ടാക്കി ലൈസന്‍സ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകനിലേക്ക് എത്തിക്കാനുള്ള സംവിധാനവുമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: