അമ്പലപ്പുഴ: ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ബോര്‍ഡ് എഞ്ചിനുള്ള പേറ്റന്റ് പുന്നപ്ര തെക്ക് പഞ്ചായത്ത് കളരിക്കല്‍ വീട്ടില്‍ മോഹന്‍ലാലിന് ലഭിച്ചു. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ വന്‍ വികസനത്തിന് കാരണമാകുന്ന കണ്ടുപിടിത്തമാണിത്.
പതിനഞ്ച് വര്‍ഷമായി ഈ മേഖലയില്‍ മോഹന്‍ലാല്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കാണ് പേറ്റന്റിലൂടെ രാജ്യത്തിന്റെ അംഗീകാരം കൂടി ലഭിച്ചത്. 2007ലാണ് ആദ്യമായി ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഔട്ട്ബോര്‍ഡ് എഞ്ചിന് മോഹന്‍ലാല്‍ കണ്ടുപിടിച്ചത്. നിലവില്‍ വിദേശനിര്മിതമായതും മണ്ണെണ്ണ, പെട്രോള്‍, ഓയില്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിനാണ് പ്രചാരത്തിലുള്ളത്.
ദിവസം എട്ടു ലിറ്റര്‍ മുതല്‍ 100 ലിറ്റര്‍ വരെ മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വളഞ്ഞവഴി ഭാഗത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്ന മോഹന്‍ലാല്‍ ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യവുമായാണ് ഡീസലില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന് നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. നിലവില്‍ എട്ട് ലിറ്റര്‍ മണ്ണെണ്ണ ചെലവാകുമ്പോള്‍ മോഹന്‍ലാല്‍ കണ്ടുപിടിച്ച ഡീസല്‍ എഞ്ചിന് രണ്ടു ലിറ്റര്‍ ഡീസല്‍ മാത്രമാണ് ചെലവ്. ആദ്യമായി കണ്ടുപിടിച്ച എന്ജിന് തന്റെ സ്വന്തം വള്ളത്തില്‍ തന്നെ ഘടിപ്പിച്ച് പരീക്ഷണം നടത്തി വിജയകരമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതോടെ ഫിഷറീസ് വകുപ്പ് എഞ്ചിന് അംഗീകാരം നല്കി. തുടക്കത്തില്‍ ഇദ്ദേഹത്തില്‍നിന്ന് 25 എഞ്ചിന് മത്സ്യഫെഡ് വാങ്ങി. ഇതിനുശേഷം 1000 എണ്ണം കൂടി വാങ്ങിയെങ്കിലും പണം നല്കുന്നതില് കാലതാമസമുണ്ടായി. ഇതിനിടെയാണ് പേറ്റന്റിന് അംഗീകാരം ലഭിച്ചത്.
എന്നാല്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളോ കമ്പനികളോ ഇദ്ദേഹത്തെ സഹായിച്ചെങ്കില്‍ മാത്രമേ ഇത്തരം എഞ്ചിന് വ്യാപകമായി വിപണിയില്‍ ഇറക്കുവാന്‍ സാധിക്കൂ. വന്‍ സാമ്പത്തിക ബാധ്യതയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാല്‍ ഇതേ മേഖലയില്‍ വീണ്ടും പുത്തന്‍ പരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഒരേ എഞ്ചിനില്‍ നാല് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച് ഓടിക്കാവുന്ന 40 കുതിരശക്തിയുള്ള എഞ്ചിന് നിര്‍മിക്കുന്ന പരീക്ഷണമാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: